വനിഷ്യസിനെ സ്വന്തമാക്കാന്‍ പിഎസ്ജി, വരുന്നത് എംബാപ്പേക്ക് പകരക്കാരനായി.
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ബ്രസീലിയൻ യുവതാരമാണ് വിനിഷ്യസ് ജൂനിയർ. ലാലിഗ പുനരാരംഭിച്ച ശേഷവും മികച്ച പ്രകടനം തുടരുന്ന താരത്തിനു വേണ്ടി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ശ്രമമാരംഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
സൂപ്പർതാരമായ കിലിയൻ എംബാപ്പെയും നെയ്മറും ടീം വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കവേ പകരക്കാരെ തേടുകയാണ് പിഎസ്ജി. എംബാപ്പെ കരാർ പുതുക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്തതും പിഎസ്‌ജിക്ക് തലവേദനയായിരിക്കുകയാണ്. എംബാപ്പെയെ സ്വന്തമാക്കാന്‍ കുറേക്കാലമായി താത്പര്യം പ്രകടിപ്പിക്കുന്ന റയൽ മാഡ്രിഡിൽ നിന്നും പകരം വിനിഷ്യസിനെ കരാറിലുൾപ്പെടുത്താനാണ് പിഎസ്ജിയുടെ നീക്കം.
20 വയസ്സുകാരനായ താരത്തിന് 2025 വരെ റയലിൽ കരാറുണ്ട്. കൂടാതെ 700 മില്യൺ യുറോയുടെ റിലീസ് ക്ലോസും നിലവിലുണ്ട്. അതിനാൽ പെട്ടന്ന് തന്നെ റയൽ വിനീഷ്യസിനെ കൈവിടാൻ സാധ്യത കുറവാണു. എംബാപ്പെയുടെ കരാർ 2022-ഓടെ അവസാനിക്കുന്നതോടെ റയൽ താരത്തിനു വേണ്ടി ശ്രമിക്കുമെന്നുറപ്പാണ്.
എംബാപ്പെ ടീം വിടുകയാണെങ്കിൽ ഒരു പകരക്കാരൻ എന്ന നിലക്കാണ് വിനീഷ്യസിനു വേണ്ടി പിഎസ്ജി ശ്രമിക്കുന്നത്. ബ്രസീലിയൻ സഹതാരം നെയ്മർ വഴി താരത്തെ തൃപ്തിപ്പെടുത്താനും ശ്രമങ്ങൾ നടത്തുന്നുണ്ട്. സ്പാനിഷ് മാധ്യമമായ എൽ ചിരിംഗ്യുറ്റൊ ടിവിയാണ് ഇക്കാര്യം പുറത്തു വിട്ടത്.