നെയ്മറെ മുൻനിർത്തി റയലിന്റെ വജ്രായുധത്തെ റാഞ്ചാൻ പിഎസ്ജി ഒരുങ്ങുന്നു

റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിര താരമായ വിനീഷ്യസ് ജൂനിയറെ അടുത്ത സീസണു മുന്നോടിയായി സ്വന്തം തട്ടകത്തിലെത്തിക്കാൻ പിഎസ്ജി തയ്യാറെടുക്കുന്നു. പ്രമുഖ സ്പാനിഷ് കായികമാധ്യമമായ ഡിയാരിയോ സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം നെയ്മറുമായുള്ള വിനീഷ്യസിന്റെ സൗഹൃദം മുതലെടുത്ത് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാനാണ് പിഎസ്ജി ഒരുങ്ങുന്നത്.

അടുത്ത സീസണു മുന്നോടിയായി പിഎസ്ജി മുന്നേറ്റ നിരയിൽ നിന്നും രണ്ടു താരങ്ങളാണ് ടീം വിടാനൊരുങ്ങുന്നത്. എഡിസൻ കവാനി ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുമ്പോൾ അർജൻറീനിയൻ വിങ്ങറായ ഡി മരിയയും ഫ്രഞ്ച് ക്ലബിൽ നിന്നും പോകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതാണ് വിനീഷ്യസിനെ സ്വന്തമാക്കാൻ പിഎസ്ജിയെ പ്രേരിപ്പിക്കുന്നത്.

വിനീഷ്യസിനു വേണ്ടി പിഎസ്ജി രംഗത്തു വരാൻ മറ്റൊരു കാരണം കൂടിയുണ്ട്. അടുത്ത സീസണു ശേഷം പിഎസ്ജി മുന്നേറ്റ നിര താരമായ എംബാപ്പയെ റയൽ സ്വന്തമാക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അപ്പോൾ താരത്തിനു പകരക്കാരനായി റയൽ മാഡ്രിഡിന്റെ തന്നെ മുന്നേറ്റനിര താരത്തെ റാഞ്ചുകയെന്ന പ്രത്യാക്രമണ തന്ത്രമാണ് പിഎസ്ജി ആവിഷ്കരിക്കുന്നത്.

എഴുനൂറു ദശലക്ഷം യൂറോയോളം വിനീഷ്യസിനു റിലീസിംഗ് തുകയുണ്ടെങ്കിലും മികച്ചൊരു ഓഫർ നൽകി താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി. ഇരുപതാം വയസിൽ തന്നെ 69 മത്സരങ്ങൾ റയലിനു വേണ്ടി കളിച്ച വിനീഷ്യസ് എട്ടു ഗോളും 16 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

You Might Also Like