നൂറു മില്യണ് എംബാപ്പെയുടെ പകരക്കാരനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സ്വന്തമാക്കാൻ പിഎസ്ജി

Image 3
FeaturedFootball

അടുത്ത സീസണു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർകസ് റാഷ്ഫോഡിനെ പിഎസ്ജി ടീമിലെത്തിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ഇരുപത്തിരണ്ടുകാരനായ ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കാൻ പിഎസ്ജി പരിശീലകൻ തോമസ് ടുഷലിന് വളരെയധികം താൽപര്യമുണ്ടെന്നാണ് ഇൻഡിപെൻഡന്റെ റിപ്പോർട്ടു ചെയ്യുന്നത്.

ആധുനിക ഫുട്ബോളിന്റെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ മുന്നേറ്റനിര താരമെന്നാണ് റാഷ്ഫോഡിനെ കുറിച്ച് ജർമൻ പരിശീലകന്റെ അഭിപ്രായം. ഇംഗ്ലണ്ടിലുള്ളവർക്ക് റാഷ്ഫോഡ് എത്രത്തോളം മികച്ച താരമാണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പിഎസ്ജിയിൽ മൂന്നാം സീസണിനൊരുങ്ങുന്ന ടുഷൽ പറഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ സീസണിൽ ഇരുപത്തിയൊന്നു ഗോളുകൾ യുണൈറ്റഡിനു വേണ്ടി നേടിയ റാഷ്ഫോഡിനെ സ്വന്തമാക്കാൻ നൂറു ദശലക്ഷം യൂറോയെങ്കിലും പിഎസ്ജി നൽകേണ്ടി വരും. യുണൈറ്റഡ് താരത്തെ വിട്ടു കൊടുക്കാൻ തയ്യാറാണെങ്കിൽ അത്രയും തുക നൽകാൻ പിഎസ്ജി തയ്യാറാണെന്നാണ് സൂചനകൾ.

മുന്നേറ്റനിരയിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിയുന്ന താരം എംബാപ്പെ റയലിലേക്കു ചേക്കേറുകയാണെങ്കിൽ അതിനു പകരക്കാരനാകുമെന്നു തന്നെയാണ് ടുഷലിന്റെ വിശ്വാസം. മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റൊരു സ്ട്രൈക്കറെ സ്വന്തമാക്കാൻ സാധ്യതയുള്ളതിനാൽ റാഷ്ഫോഡ് ട്രാൻസ്ഫറിനു സമ്മതം മൂളാനിടയുണ്ട്.