പരിക്കുകൾ പിഎസ്‌ജിക്ക് വില്ലനാവുന്നു, സെമിയില്‍ ചില പ്രധാന താരങ്ങളെ നഷ്ടമായേക്കും

സെമി ഫൈനലിനൊരുങ്ങുന്ന പിഎസ്ജിക്ക് പരിക്ക് വീണ്ടും തിരിച്ചടിയാവുകയാണ്. ചാമ്പ്യൻസ്‌ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അറ്റലാന്റക്കെതിരെ മികച്ച പ്രകടനം നടത്തിയ താരമാണ് പിഎസ്‌ജി ഗോൾകീപ്പറായ കെയ്‌ലർ നവാസ്. ഗോളെന്നുറച്ച അറ്റലാന്റയുടെ ശ്രമങ്ങൾക്കെതിരെ രണ്ട് മിന്നും സേവുകൾ നടത്തി ടീമിന്റെ രക്ഷകനാവാൻ നവാസിനു കഴിഞ്ഞു.

എന്നാൽ പരിക്കു മൂലം മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. താരത്തിന്റെ വലതുകാലിലേറ്റ ഹാംസ്ട്രിങ് ഇഞ്ചുറി മൂലം താരം കളം വിടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനക്കു ശേഷം പരിക്ക് ഗുരുതരമാണെന്ന് ക്ലബ് വെളിപ്പെടുത്തിയിരിക്കുകയാണ്. താരത്തിന് ആർബി ലൈപ്സിഗിനെതിരായ മത്സരം നഷ്ടമായേക്കുമെന്നാണ് വാർത്തകൾ.

പിഎസ്ജിയാണ് താരത്തിന്റേത് അടക്കം നാലു താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ടത്. താരത്തെ ശനിയാഴ്ച ഒന്ന് കൂടെ പരിശോധനക്ക് വിധേയമാക്കുമെന്നും സെമി ഫൈനലിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കാൻ സാധിക്കില്ലെന്നുമാണ് പിഎസ്ജി വെളിപ്പെടുത്തിയത്.

തിയാഗോ സിൽവയുടെ പരിക്കിനെ കുറിച്ചും ക്ലബ് വിശദീകരണം നൽകിയിട്ടുണ്ട്. മത്സരശേഷം താരത്തിനും ഹാംസ്ട്രിങ് ഇഞ്ചുറി രേഖപ്പെടുത്തുകയായിരുന്നു.

എന്നാൽ സില്‍വയുടേത്‌ ചെറിയ പരിക്കാണെന്നും ലീപ്‌സിഗിനെതിരെ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പിഎസ്ജി അറിയിച്ചു. മധ്യനിര താരം വെറാറ്റി തന്റെ വ്യായാമങ്ങൾ തുടരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ശനിയാഴ്ച പുറത്ത് വിടും. കുർസാവയുടെ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അറിയിച്ചു.

You Might Also Like