പി.എസ്.ജിയില്‍ സൂപ്പര്‍താരസഖ്യം തുടരുമോ; നിലപാട് വ്യക്തമാക്കി പരിശീലകന്‍

പാരീസ്: പുതുവര്‍ഷത്തില്‍ ഫ്രഞ്ച് ലീഗില്‍ താളം കണ്ടെത്താന്‍ പാടുപെടുന്ന പി.എസ്.ജി ബുധനാഴ്ച രാത്രി വീണ്ടും കളത്തില്‍. മോണ്‍ഡ്‌പെല്ലിയറിനെയാണ് നേരിടാനൊരുങ്ങുന്നത്. മെസി, നെയ്മര്‍, എംബാപെ ട്രയോ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടും ലീഗിലെ അവസാന സ്ഥാനക്കാരായ റെയിംസിനെതിരെ ടീം സമനിലയില്‍ കുരുങ്ങിയിരുന്നു. സൂപ്പര്‍താരം നെയ്മറിന്റെ ഗോളില്‍ രണ്ടാംപകുതിയില്‍ ടീം ഒരുഗോളിന് മുന്നിലെത്തിയെങ്കിലും കളിതീരാന്‍ മിനിറ്റുമാത്രം ബാക്കിനില്‍ക്കെ റെയിംസ് സമനിലപിടിക്കുകയായിരുന്നു. ഇതോടെ മത്സരത്തിന് ശേഷം താരങ്ങളുടെ പ്രകടനത്തില്‍ നിരാശപ്രകടിപ്പിച്ച് പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍ട്ടിയര്‍ രംഗത്തെത്തിയിരുന്നു.

ബുധനാഴ്ച വിജയപ്രതീക്ഷയില്‍ ടീം വീണ്ടും കളത്തിലിറങ്ങുമ്പോള്‍ മുന്നേറ്റനിരയില്‍ മാറ്റമുണ്ടാകുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷയോടെ നോക്കുന്നത്. മെസി-എംബാപെ-നെയ്മര്‍ സഖ്യവുമായി 4-2-4 ഫോര്‍മേഷനിലിറങ്ങിയ ടീമിന് പ്രതീക്ഷിച്ചതുപോലെ നേട്ടമുണ്ടാക്കാനാവാതെ വന്നതോടെ ഇക്കാര്യത്തില്‍ വ്യക്തവരുത്തി കോച്ച് രംഗത്തെത്തി. സൂപ്പര്‍ത്രയത്തില്‍ ആരെയെങ്കിലും പുറത്തിരുത്തുമോയെന്ന ചോദ്യത്തിന് അങ്ങനെ ചെയ്യുന്നത് വിഡ്ഡിത്തമാണെന്നായിരുന്നു കോച്ചിന്റെ മറുപടി. നിലവില്‍ ടീം പ്രകടനത്തില്‍ സംതൃപ്തിയില്ലെങ്കിലും അടുത്തകളിയില്‍ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയും കോച്ച് പങ്കുവെച്ചു.


മത്സരത്തിന്റെ ഭൂരിഭാഗം സമയവും മുന്നിട്ട് നിന്നിട്ടും തോല്‍വി നേരിട്ടത് ടീമിന്റെ ആത്മവിശ്വാസം ചോര്‍ത്തുന്നതാണെന്നാണ് കോച്ചിന്റെ വിലയിരുത്തല്‍. സമനില വഴങ്ങിയെങ്കിലും ലീഗ് വണ്ണില്‍ പി.എസ്.ജിതന്നെയാണ് ഒന്നാമത്. 20കളിയില്‍ 15 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമടക്കം 48 പോയന്റാണ് സമ്പാദ്യം. രണ്ടാമതുള്ള ലെന്‍സ് എഫ്.സിക്ക് 20 കളിയില്‍ 45 പോയന്റാണുള്ളത്. പുതുവര്‍ഷത്തില്‍ കളിച്ച ആദ്യ മത്സരത്തില്‍തന്നെ ലെന്‍സിനോട് പി.എസ്.ജി തോറ്റിരുന്നു.

You Might Also Like