ബാഴ്സലോണയിലും മ്യൂണിച്ചിലും ജയിച്ചതുപോലെ മാഞ്ചസ്റ്ററിലും ആവർത്തിക്കും, സിറ്റിക്കു മുന്നറിയിപ്പുമായി പൊചെട്ടിനോ

പിഎസ്‌ജിയുടെ തട്ടകത്തിൽ വെച്ചു നടന്ന ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയിരിക്കുകയാണ്. പിഎസ്‌ജിക്കായി പ്രതിരോധതാരം മാർക്കിഞ്ഞോസ്‌ ഹെഡർ ഗോൾ നേടിയപ്പോൾ സിറ്റിക്കായി കെവിൻ ഡിബ്രൂയ്നെയും ഫ്രീകിക്കിലൂടെ റിയാദ് മെഹ്റെസുമാണ് വിജയഗോൾ നേടിയത്.

ആദ്യപാദത്തിൽ തോൽവി രുചിക്കേണ്ടി വന്നെങ്കിലും രണ്ടാം പാദത്തിൽ മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ വിജയം നേടാനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് പിഎസ്‌ജി പരിശീലകനായ മൗറിസിയോ പൊചെട്ടിനോ. ബാഴ്സയുടെയും മ്യൂണിച്ചിന്റെയും തട്ടകത്തിൽ വിജയിക്കാനാവുമെങ്കിലും മാഞ്ചസ്റ്ററിലും വിജയിക്കാനാവുമെന്ന് പൊചെട്ടിനോ പറഞ്ഞു. മത്സരശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തീർച്ചയായും. ഞങ്ങൾ ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒപ്പം ഞങ്ങളുടെ തട്ടകത്തിനു പുറത്ത് മാഞ്ചസ്റ്ററിലും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ബാഴ്സലോണയിലും മ്യൂണിച്ചിലും നന്നായി കളിച്ചിരുന്നു.”

“വിശ്വാസമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ ഒരു കാര്യം മനസിലുള്ളത് നല്ല കാര്യമാണ്. കാരണം അതിൽ ഉറച്ചു വിശ്വസിച്ചു തൊണ്ണൂറു മിനുട്ടും താരങ്ങൾക്ക് കളിക്കാനാവും. അതിൽ വിജയിച്ചു മുന്നേറാനുമാവും.” പൊചെട്ടിനോ പറഞ്ഞു.
മെയ് 5നാണ് രണ്ടാം പാദ മത്സരം നടക്കാനിരിക്കുന്നത്.

You Might Also Like