നെയ്മറുടെ ഡൈവിങ്! അഭിനയം,വിചിത്രമായ കാരണം വ്യക്തമാക്കി പിഎസ്‌ജി അസിസ്റ്റന്റ് പരിശീലകൻ

Image 3
FeaturedFootballLeague 1

ലോകഫുട്ബോളിൽ അനാവശ്യമായി വീഴുന്നതിനു ഏറെ പഴി കേൾക്കേണ്ടി വന്ന താരമാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മാർ ജൂനിയർ. കഴിഞ്ഞ ലോകകപ്പിലാണ് താരത്തിന്റെ ഡൈവിങ്ങും വീണു കഴിഞ്ഞാലുള്ള അഭിനയവും ഏറെ ചർച്ചാവിഷയമായ സംഭവങ്ങളാണ്. ലോകകപ്പിനിടെ താരത്തിന്റെ ഡൈവിങ്ങും അഭിനയവും കണ്ട് യുണൈറ്റഡ് ഇതിഹാസമായ എറിക് കണ്ടോണ വരെ നെയ്മറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

മുൻ ബാഴ്സ താരമായിരുന്ന നെയ്മർ പിയെസ്ഗിയിലെത്തിയതിനു ശേഷം നെയ്മറുടെ പന്തടക്കം കൊണ്ട് കളിക്കാരുടെ മുന്നിൽ ഷോ കാണിക്കുകയും ചെറിയ ചലഞ്ചുകളിൽ പോലും വീണുരുളുകയും ചെയ്യുകയും വലിയ പരിക്കെന്തോ പറ്റിയത് പോലെ അഭിനയിക്കുകയും ചെയ്യുക സാധാരണമായിരുന്നു. പ്രതിരോധതാരങ്ങളുമായി സ്ഥിരം വഴക്കുകൾക്കും അത് കാരണമായിതീർന്നിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ നെയ്മർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പിഎസ്‌ജിയുടെ അസിസ്റ്റന്റ് പരിശീലകനായ സോൾട് ലോ. നെയ്മറുടെ കാലിനുള്ള ഒരു പ്രത്യേകതയാണ് ഈ വീഴ്ചക്ക് കാരണമാകുന്നതെന്നാണ് ലോയുടെ വിലയിരുത്തൽ. ജർമൻ മാധ്യമമായ ബിൽഡിന് നൽകിയ അഭിമുഖത്തിലാണ് ലോ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

“നെയ്മറിന് വളരെയധികം സ്പർശബോധമുള്ള കാലുകളാണുള്ളത്. അവനേ കാലു കൊണ്ടു തട്ടുമ്പോൾ അത് അസാമാന്യമായ വേദനയുണ്ടാക്കുകയാണ് ചെയ്യുന്നത്. നെയ്മർ വളരെ ഊഷ്മളനായ വ്യക്തിയാണ്. ഒന്നും മറച്ചുവെക്കാനിഷ്ടപ്പെടാത്ത ആളുമാണ്. തീർച്ചയായും ചില സമയങ്ങളിൽ അവൻ കൂടുതൽ അഹങ്കാരിയായി കളിക്കളത്തിൽ കാണപ്പെട്ടേക്കാം. ഒരു വട്ടം അദ്ദേഹത്തെ ഫൗൾ ചെയ്താൽ ആ എതിരാളിയെ ഡ്രിബിൾ ചെയ്ത് മറികടന്നു പോവാൻ അവൻ ശ്രമിക്കും. ഇങ്ങനെയുള്ളവരോട് അങ്ങനെയാണ് അവൻ പെരുമാറാറുള്ളത്.” ലോ ചൂണ്ടിക്കാണിച്ചു.