ബയേണിനെ തകർത്തെങ്കിലും പിഎസ്‌ജിയല്ല ചാമ്പ്യൻസ്‌ലീഗ് ഫേവറൈറ്റുകൾ, കാരണം വ്യക്തമാക്കി പൊചെട്ടിനോ

Image 3
Champions LeagueFeaturedFootball

ബയേണിനെതിരെ എതിരില്ലാത്ത ഒരു ഗോളിനു തോൽവി രുചിച്ചെങ്കിലും എവേ ഗോളിന്റെ പിൻബലത്തിൽ പിഎസ്‌ജി സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ആദ്യപാദത്തിലെ മികച്ച വിജയമാണ് പിഎസ്‌ജിക്ക് രണ്ടാം പാദത്തിലെ തോൽവിയിലും നിർണായകമായത്. നെയ്മറും എംബാപ്പെയും മികച്ച പ്രകടനം കാഴ്ച വെച്ചുവെങ്കിലും ഗോൾ കണ്ടെത്താനാവാതെ പോവുകയായിരുന്നു.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെ പുറത്താക്കിയതോടെ ഇത്തവണ ബാഴ്‌സലോണയ്ക്ക് ചാമ്പ്യൻസ്‌ലീഗിലെ രണ്ടാമത്തെ ഏറ്റവും മികച്ച എതിരാളികളെയാണ് പിഎസ്‌ജി മറികടന്നിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇത്തവണ ചാമ്പ്യൻസ്‌ലീഗ് നേടാൻ സാധ്യതയുള്ള ടീമാണോ പിഎസ്‌ജിയെന്ന ചോദ്യത്തിന് യുക്തിപൂർവമായ മറുപടിയാണ് പരിശീലകനായ പൊചെട്ടിനോ നൽകിയിരിക്കുന്നത്.

” എനിക്കു അങ്ങനെ തോന്നുന്നില്ല. ഞങ്ങൾ ബാഴ്‌സയെ റൗണ്ട് ഓഫ് 16ൽ മറികടക്കാൻ സാധിച്ചു. ഇരു പാദങ്ങൾക്ക് ശേഷം ഇപ്പോൾ ബയേണിനെയും തോൽപ്പിച്ചു. എനിക്ക് തോന്നുന്നത് രണ്ടു ടീമിനെതിരെയും ഞങ്ങൾ വിജയിക്കാൻ അർഹരായിരുന്നുവെന്നു തന്നെയാണ്.”

“എങ്കിലും പിഎസ്‌ജിയാണ്‌ ചാമ്പ്യൻസ്‌ലീഗ് നേടാൻ സാധ്യതയുള്ള പ്രധാന ടീമെന്ന എനിക്കു തോന്നുന്നില്ല. ഇനിയും എതിരാളികളുണ്ട്. ഞങ്ങൾക്കൊപ്പം ചെൽസിയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇനി സിറ്റിയും ഡോർട്മുണ്ടും റയലും ലിവർപൂളും തമ്മിലുള്ള മത്സരങ്ങളുടെ ഫലവും അറിയാനുണ്ട്. സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ഏതു ടീമിനും ചാമ്പ്യൻസ്‌ലീഗ് നേടാനുള്ള അവസരമുണ്ട്.” പൊചെട്ടിനോ പറഞ്ഞു.