സഞ്ജു തുടരും, സൂര്യ ക്യാപ്റ്റന്‍, ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യ ഇങ്ങനെ

Image 3
Uncategorized

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഗില്ലിന് ബിസിസിഐ വിശ്രമം അനുവദിക്കാനാണ് സാധ്യത. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര അവസാനിച്ച് നാല് ദിവസത്തിനുള്ളില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കാനിരിക്കെയാണ് ഈ തീരുമാനം.

കിവീസിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് പറക്കും. ഈ സാഹചര്യത്തിലാണ് ഗില്ലിനെ ട്വന്റി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ ആലോചിക്കുന്നത്.

ഗില്ലിന്റെ അഭാവത്തില്‍ യശസ്വി ജയ്സ്വാളും റിതുരാജ് ഗെയ്ക്വാദും ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ നയിക്കും. സിംബാബ്വെയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച യുവതാരം അഭിഷേക് ശര്‍മയും ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയേക്കാം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം റിങ്കു സിംഗ് മധ്യനിരയില്‍ കളിക്കും. ടെസ്റ്റ് മത്സരങ്ങളുടെ തിരക്കിലായതിനാല്‍ ഋഷഭ് പന്തും ട്വന്റി20 പരമ്പര കളിക്കാന്‍ സാധ്യതയില്ല. മലയാളി താരം സഞ്ജു സാംസണായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍.

ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായും ട്വന്റി20 ടീമില്‍ ഇടം നേടിയേക്കും. അതേസമയം അക്ഷര്‍ പട്ടേലിന് വിശ്രമം അനുവദിക്കും. ട്വന്റി20 ലോകകപ്പിന് ശേഷം വിശ്രമത്തിലുള്ള പേസര്‍ ജസ്പ്രീത് ബുംറ ശ്രീലങ്കയ്ക്കെതിരെയും കളിക്കില്ല. ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരായിരിക്കും 15 അംഗ ടീമിലെ പേസര്‍മാര്‍. ഇവരില്‍ ആര്‍ക്കെങ്കിലും വിശ്രമം അനുവദിച്ചാല്‍ ആവേശ് ഖാനാണ് അടുത്ത അവസരം. സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ടീമില്‍ തിരിച്ചെത്തും. മൂന്ന് മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം:

റിതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്