ബാറ്റിനും പാഡിനും ഇടയില്‍ ഒരു ട്രക്കിന് പോകാനുളള ഗ്യാപ്പുണ്ടായിരുന്നു, ആഞ്ഞടിച്ച് ഇതിഹാസം

ഓസ്‌ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും ക്ലീന്‍ ബൗള്‍ഡായ ഇന്ത്യന്‍ ഓപ്പണര്‍ പ്രിത്ഥി ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസീസ് പേസ് ബോളര്‍മാര്‍ക്കു മുന്നില്‍ പ്രതിരോധത്തില്‍ പൂര്‍ണമായും പിഴച്ചാണ് ഷാ പുറത്തായത്.

ബാറ്റിനും പാഡിനും ഇടയിലെ ഗ്യാപ്പിലൂടെ പന്ത് സ്റ്റംപ് തെറിപ്പിച്ചത്. ഷായുടെ അശ്രദ്ധയുടെ തെളിവാണെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

‘പൃഥ്വി ഷായുടെ ബാറ്റിങ് അവസാനിച്ച രീതി നോക്കൂ. ബാറ്റിനും പാഡിനും ഇടയില്‍ വലിയ ഗ്യാപ്പുണ്ടായിരുന്നു. ഏറ്റവും ഫലപ്രദമായി ആ പന്ത് പ്രതിരോധിക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. ഒരു പന്തിനെയും തേടിപ്പിടിച്ച് അങ്ങോട്ടു പോകരുതെന്നതാണ് ടെസ്റ്റ് ക്രിക്കറ്റിലെ അടിസ്ഥാന ബാറ്റിങ് നിയമം. അതിനിടെയാണ് ബാറ്റിനും പാഡിനും ഇടയില്‍ അത്ര വലിയ ഗ്യാപ്പ് അനുവദിച്ചത്. ബാറ്റില്‍ തട്ടി പന്ത് സ്റ്റംപിലേക്ക് നീങ്ങാനോ, പ്രതിരോധം തകര്‍ത്ത് പന്ത് സ്റ്റംപ് തകര്‍ക്കാനും സാധ്യത കൂടുതലാണ്’ ഗവാസ്‌ക്കര്‍ പറഞ്ഞു.

പാഡിനോട് ഏറ്റവും ചേര്‍ത്ത് ബാറ്റ് പിടിച്ചാണ് പന്ത് പ്രതിരോധിക്കേണ്ടത്. ഇന്നിങ്‌സ് ആരംഭിക്കുമ്പോള്‍ ബാറ്റിന്റെ ചലനം ഏറ്റവും കുറവായിരിക്കണം. കളത്തില്‍ നിലയുറപ്പിച്ച് ആത്മവിശ്വാസം ആര്‍ജിച്ചുകഴിഞ്ഞാല്‍ ഇഷ്ടമുള്ള ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാം. പക്ഷേ, ഇന്നിങ്‌സിന്റെ തുടക്കത്തില്‍ത്തന്നെ അതിനു മുതിരുന്നത് അപകടമാണ്’ ഗാവസ്‌കര്‍ പറഞ്ഞു.

‘ഇനി ആദ്യ ഇന്നിംഗ്‌സില്‍ മായങ്ക് അഗര്‍വാളിന്റെ ബാറ്റിങ് നോക്കൂ. ബാറ്റ് പാഡിനോട് ചേര്‍ത്തുവച്ച് പ്രതിരോധിക്കേണ്ട പന്തായിരുന്നു അത്. പക്ഷേ അത് സംഭവിച്ചില്ല. മാത്രമല്ല, അതിനിടയില്‍ പ്രത്യക്ഷപ്പെട്ട വലിയ ഗ്യാപ്പിലൂടെ പന്ത് സ്റ്റംപ് പിഴുതെടുത്തു. ഒരു ട്രക്കിന് പോകാന്‍ മാത്രം വലിയ ഗ്യാപ്പായിരുന്നു അത്. അവിടെയാണ് ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായി പിഴവു വരുത്തുന്നത്’ ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

You Might Also Like