ലങ്കയിലുളള സൂപ്പര്‍ താരത്തെ ഇംഗ്ലണ്ടിലേക്കെത്തിക്കാന്‍ ടീം ഇന്ത്യ, സര്‍പ്രൈസ് നീക്കം ഇങ്ങനെ
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലേക്കുളള ടീമില്‍ പൃത്ഥി ഷായെ കൂടി ഉള്‍പ്പെടുത്താനുളള നീക്കവുമായി ബിസിസിഐ. ഓപ്പണിംഗ് താരം ശുഭ്മന്‍ ഗില്‍ പരിക്കിന്റെ പിടിയിലായതോടെയാണ് പൃത്ഥിയെ പകരക്കാരനായി ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാനുള്ള നീക്കം ടീം ഇന്ത്യ നടത്തുന്നത്.
നിലവില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുളള ടീമിനൊപ്പമാണ് പൃഥ്വി ഷാ. ലങ്കയ്‌ക്കെതിരായ ഏകദിന,ടി20 ടീമില്‍ നിന്ന് റിലീസ് ചെയ്ത് പൃത്ഥിയെ ഇംഗ്ലണ്ടിലേക്ക് എത്തിക്കാനുളള നീക്കമാണ് ബിസിസിഐ നടത്തുന്നത്. അതെസമയം ഇത് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ട് തന്നെ അറിയണം. അങ്ങനെയെങ്കില്‍ പൃത്ഥിയ്ക്ക് ഇംഗ്ലണ്ടില്‍ ഇനിയും ക്വാറഡീനില്‍ ഇരിക്കേണ്ടിവരും.
നേരത്തെ ഗില്ലിന് പകരം ഇന്ത്യന്‍ ടീമിലേക്ക് സ്റ്റാന്‍ഡ് ബൈ ആയി പോയ അഭിമന്യു ഈശ്വറിനെ പരിഗണിയ്ക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. പൃത്ഥിഷായെ തരിച്ച് വിളിക്കണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെട്ടത്.
മയാംഗ് അഗര്‍വാളും കെഎല്‍ രാഹുലും ടീമില്‍ ഓപ്പണിംഗ് ദൗത്യം ചെയ്യുവാന്‍ ശേഷിയുള്ളവരാണെങ്കിലും ഇരുവരേയും മധ്യ നിരയില്‍ ഉപയോഗപ്പെടുത്തുവാനാണത്രെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് താല്പര്യം.
അതെസമയം ലങ്കയിലുളള ഇന്ത്യന്‍ ടീം ദ്രാവിഡിന്റെ നേതൃത്വത്തില്‍ പരിശീലനം തുടങ്ങി. ഇന്ത്യയിലും ശ്രീലങ്കയിലും ക്വാറന്‍ഡീന് ശേഷമാണ് താരങ്ങള്‍ മൈതാനത്തിറങ്ങിയത്.