പൃത്ഥി ഷായുടെ മടക്കം, കോളടിച്ചത് ദേവ്ദത്തിന്, മലയാളിയുടെ അരങ്ങേറ്റം ഉറപ്പായി

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ടീമിലേക്ക് തിരിച്ച് വിളിക്കപ്പെട്ട പൃത്ഥി ഷാ ശ്രീലങ്കയില്‍ നിന്ന് മടങ്ങുമ്പോള്‍ ലോട്ടറി അടിക്കുന്നത് മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്. ഇതോടെ ദേവ്ദത്ത് ശ്രീലങ്കയില്‍ ഇന്ത്യയ്ക്കായി ഓപ്പണറായി അരങ്ങേറ്റം കുറിയ്ക്കുമെന്ന് ഉറപ്പായി.

നിലവില്‍ നായകന്‍ ധവാനോടൊപ്പം പൃത്ഥ്വിയായിരുന്നു ഫസ്റ്റ് ചോയ്സ് ഓപ്പണറായി പരിഗണിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ സേവനം ലഭിച്ചില്ലെങ്കില്‍ ദേവ്ദത്തിന് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടിയും റണ്‍സ് വാരിക്കൂട്ടുന്ന ദേവ്ദത്ത് നിലവില്‍ മിന്നുന്ന ഫോമിലാണ്.

ഇംഗ്ലണ്ട് പര്യടനത്തിനായി ഒരുങ്ങുന്നതിനിടെ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതാണ് പൃത്ഥിയെ ഇംഗ്ലണ്ടിലേക്ക് തിരിച്ച് വിളിയ്ക്കാന്‍ കാരണം. ലങ്കയിലുള്ള പൃഥ്വിയോട് എത്രും പെട്ടെന്നു ഇംഗ്ലണ്ടിലേക്കു തിരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ ശേഷം ആഗസ്റ്റ് നാലിനാരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുമ്പ് ടീമിനൊപ്പം ചേരാന്‍ ഇതു താരത്തെ സഹായിക്കുമെന്നും ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നു.

ഗില്ലിന്റെ കാല്‍പാദത്തിനാണ് പരിക്കേറ്റിരിക്കുന്നത്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ കളിക്കവെയായിരുന്നു താരത്തിനു ഈ പരിക്കറ്റത്.

മായങ്ക് അഗര്‍വാള്‍, പുതുമുഖം അഭിമന്യു ഈശ്വരന്‍ എന്നിവരാണ് നിലവില്‍ ടെസ്റ്റ് സംഘത്തിലെ ഓപ്പണര്‍മാര്‍. ദൈര്‍ഘ്യമേറിയ പരമ്പരയില്‍ ഒരു ബാക്കപ്പ് ഓപ്പണര്‍ മാത്രം പോരെന്നും അഭിമന്യുവിന് മല്‍സരപരിചയമില്ലെന്നത് തിരിച്ചടിയാണെന്നും ടീം മാനേജ്മെന്റ് ചൂണ്ടിക്കാണിക്കുന്നു.

 

You Might Also Like