താന്‍ അതി സമ്മര്‍ദ്ദത്തില്‍, തുറന്നടിച്ച് സഞ്ജു സാംസണ്‍

ഐപിഎലിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താന്‍ അതിസമ്മര്‍ദത്തിലാണെന്ന് തുറന്നുസമ്മതിച്ച് രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. ഫ്രാഞ്ചൈസിയുടെ പുതിയ ജഴ്സി ലോഞ്ചിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജു സാംസണ്‍ മനസ്സ് തുറന്നത്.

‘എനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത്. ഇപ്പോള്‍ എനിക്ക് 28 വയസ്സായി. ഇതുവരെയുള്ള യാത്ര ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷം തികച്ചും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഇതാണ് എന്റെ ടീം, ആര്‍ആര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ സഞ്ജു പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുന്നതിന്റെ സമ്മര്‍ദം എല്ലായ്പ്പോഴും ഉണ്ടായിരിക്കും. 2022ല്‍ ഫൈനലിലെത്തിയത് സ്വപ്ന സമാന യാത്രയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലിലെത്തിയ ഞങ്ങള്‍ വീണ്ടും അമ്പരപ്പിക്കുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു. നന്നായി കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയുമല്ലാതെ ഞങ്ങള്‍ക്ക് മറ്റു മാര്‍ഗമില്ല.’ സഞ്ജു സാംസണ്‍ പറഞ്ഞു.

‘സംഗക്കാരയെ ഞങ്ങളുടെ പരിശീലകനാക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യമാണ്. അദ്ദേഹം ഒരു ഇതിഹാസ താരമാണ്. പരിശീലനത്തിനിടെ ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും അദ്ദേഹം ഉണ്ടായിരിക്കുന്നത് ഞങ്ങള്‍ക്ക് വലിയ ഉത്തേജനമാണ്. അദ്ദേഹത്തിന്റെ വലിയ അനുഭവങ്ങളുടെ പാഠം ഉള്‍ക്കൊണ്ട്, ഞങ്ങള്‍ സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ടീമിന്റെ നേട്ടത്തിനായി വിവിധ തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം ചിന്തിക്കുന്നു’ സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

2008നുശേഷം ആദ്യമായാണ് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ഫൈനലില്‍ കടന്നത്. എന്നാല്‍ അവസാനമത്സരത്തില്‍ ഐപിഎലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴു വിക്കറ്റിനു കീഴടങ്ങി. കഴിഞ്ഞവര്‍ഷം റണ്ണറപ്പായതോടെ ഈ വര്‍ഷം രാജസ്ഥാനു മേല്‍ പ്രതീക്ഷകള്‍ വാനോളമാണ്.

 

You Might Also Like