പാട്ടു പാടരുത്! മദ്യപിക്കരുത്, സ്റ്റേഡിയങ്ങളിലേക്ക് കാണികളെ തിരികെ കൊണ്ടുവരാൻ പ്രീമിയർ ലീഗ്.

കോവിഡ് മഹാമാരി മൂലം മാർച്ചു മുതൽ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ കണികൾക്ക് പ്രവേശനം നിരോധിച്ചിരുന്നു. എന്നാലിപ്പോൾ ആദ്യമായി സ്റ്റേഡിയങ്ങളിലേക്ക് കാണികളെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ് പ്രീമിയർ ലീഗ് അധികൃതർ. എന്നാൽ കാണികൾക്ക് മാത്രമായി ഒരു പുതിയ പെരുമാറ്റച്ചട്ടവും പ്രീമിയർ ലീഗ് കർശനമായി മുന്നോട്ടുവെക്കുന്നുണ്ട്.

ഗ്രൗണ്ടുകൾ വീണ്ടും കാണികൾക്ക് തുറന്ന് കൊടുക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പ്രീമിയർ ലീഗ് ഓരോ ക്ലബ്ബുകളോടും സൂചിപ്പിച്ചിട്ടുണ്ടെന്നാണ് ഇംഗ്ലീഷ് മാധ്യമമായ സ്പോർട്സ്മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നത്. അതിൽ കാണികൾക്ക് മാത്രമായ പെരുമാറ്റചട്ടങ്ങളുമുണ്ടാവും. ക്ലബ്ബുകൾക്ക് നൽകിയ പ്രസ്താവനയിൽ കാണികൾക്ക് പാട്ടുകൾ പാടാനോ ഉറക്കെ ശബ്ദമുണ്ടാക്കാനോ മദ്യം ഉപയോഗിക്കാനോ ഇനി മുതൽ സാധിക്കില്ല. സ്പഷ്ടവും ചെറുതുമായ ഈ പെരുമാറ്റചട്ടത്തിൽ ടിക്കറ്റ് വാങ്ങുന്ന സമയത്ത് ആരാധകർക്ക് ഒപ്പിട്ടാലേ ടിക്കറ്റ് ലഭിക്കുകയുള്ളു. ഇതെല്ലാം നടപ്പിലാക്കേണ്ടത് പ്രസ്തുത ക്ലബ്ബ് തന്നെയായിരിക്കും.

നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രീമിയർ ലീഗിന്റെ ഭാഗത്തു നിന്നും ശിക്ഷനടപടികളും നേരിടേണ്ടി വരും. ഗ്രൗണ്ടിലേക്കുള്ള കാണികളുടെ വരവിനും പുറത്തുപോകുന്നതിനും പ്രത്യേകം സമയവും നിശ്ചയിക്കും.പെട്ടെന്നുള്ള ഇരച്ചു കയറ്റത്തിലൂടെയുള്ള ഗതാഗതസ്തംഭനം ഒഴിവാക്കാനാണിത്. ഒപ്പം കോവിഡുമായി ബന്ധപ്പെട്ടുള്ള ശുചിത്വത്തിന്റെയും അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും ഒപ്പം പെരുമാറ്റചട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ബോർഡുകളും ചിഹ്നങ്ങളും സ്റ്റേഡിയത്തിൽ സ്ഥാപിച്ചേക്കും. എല്ലാ ആരാധകരും ആരോഗ്യത്തെപ്പറ്റിയുള്ള ചോദ്യാവലിയും പൂർത്തിയാക്കേണ്ടി വരും.

ഒപ്പം കാണികൾ എല്ലായ്പോഴും മുഖാവരണങ്ങളും ഉപയോഗിക്കേണ്ടതാണ്.ഒപ്പം അവരവർക്കാവശ്യമായ സാനിറ്റൈസറുകളും കയ്യിൽ കരുതേണ്ടി വരും. അതു 50 മില്ലിയിൽ കൂടാനും പാടില്ല. പൊതു ഗതാഗതമാർഗങ്ങൾ പരമാവധി ഒഴിവാക്കാനും നിർദേശിക്കുന്നുണ്ട്.ക്ലബ്ബുകളോട് സ്റ്റാടിയതിനുള്ളിലെ ഇടപാടുകൾ ഡിജിറ്റലായി നടത്താനുമാണ് നിർദേശിച്ചിരിക്കുന്നത്. ഇത്തരത്തിലൂടെ സുരക്ഷിതമായ ചടങ്ങുകൾ നടത്താൻ പ്രീമിയർലീഗിനു സാധിക്കുമെന്നാണ് ഗവണ്മെന്റിനോട് സൂചിപ്പിക്കുന്നത്.

You Might Also Like