തെറ്റായ റഫറിയിങ്ങിനെതിരെ വധഭീഷണി, റഫറിയിങ് നിർത്തുകയാണെന്നു അറിയിച്ച് പ്രീമിയർ ലീഗ് റഫറി

തനിക്കെതിരെ വധഭീഷണികൾ ഉയർന്നതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രധാന റഫറിയായ മൈക്ക് ഡീൻ പ്രീമിയർ ലീഗ് റഫറി പദത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതിനായി അപേക്ഷിച്ചിരിക്കുകയാണ്. രണ്ടു താരങ്ങൾക്ക് വിവാദപരമായ ചുവപ്പുകാർഡുകൾ നൽകിയതിൽ പ്രതിഷേധിച്ചാണ് മൈക്ക് ഡീനിനെതിരെ ആരാധകർ വധഭീഷണി സന്ദേശങ്ങൾ അയച്ചത്. റഫറിയുടെ കുടുംബാംഗങ്ങൾക്കെതിരെയും വധഭീഷണി ഉയർന്ന സാഹചര്യത്തിലാണ് മൈക്ക് ഡീനിൻ്റെ ഈ നീക്കം.

ഫുൾഹാമിനെതിരായ മത്സരത്തിൽ വെസ്റ്റ്ഹാം മധ്യനിരതാരം തോമസ് സൂചെക്ക് അലക്സാണ്ടർ മിത്രോവിച്ചിനെ ഫൗൾ ചെയ്തതിനാണ് മെക്ക് ഡീൻ ചുവപ്പുകാർഡ് നൽകുന്നത്. മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഇതിനു ശേഷമാണ് തെറ്റായ റഫറിയിങ്ങിനെതിരെ ആരാധകരോഷം മൈക്ക് ഡീനിനെതിരെ യരുന്നത്. ഇതിനു നാലു ദിവസം മുമ്പു നടന്ന മറ്റൊരു മത്സരത്തിലും മൈക്ക് സീൻ ചുവപ്പുകാർഡ് നൽകി താരത്തെ പുറത്താക്കിയിരുന്നു.

സതാംപ്ടൺ – മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ ആന്തണി മാർഷ്യലിനെ വീഴ്ത്തിയതിനു പ്രതിരോധതാരം ജാൻ ബെഡ്നാരെകിനു മൈക്ക് ഡീൻ റെഡ്കാർഡ് നൽകുകയായിരുന്നു. മത്സരത്തിൽ 9 ഗോളിൻ്റെ തകർപ്പൻ വിജയം നേടാൻ യുണൈറ്റഡിനു സാധിച്ചിരുന്നു. എന്നാൽ ഈ രണ്ടു തീരുമാനങ്ങളും അപ്പീലിലൂടെ റദ്ദാക്കാൻ ക്ലബ്ബുകൾക്ക് സാധിച്ചിരുന്നു. രണ്ടു കേസിലും വീഡിയോ റഫറിയിങിന്റെ സഹായത്തോടെയാണ് ഡീൻ റെഡ് കാർഡ് നൽകുന്നത്.

സതാംപ്ടൺ- യുണൈറ്റഡ് മത്സരത്തിൽ മാർഷ്യൽ തന്നെ അത് ഫൗൾ അല്ലെന്നു പറഞ്ഞു എന്നു ബെഡ്നാരക് റഫറിയോട് പറഞ്ഞിരുന്നു. ഫുൾഹാം- വെസ്റ്റ്ഹാം മത്സരശേഷം താൻ മിത്രോവിച്ചിനോട്‌ സംസാരിച്ചിരുന്നുവെന്നും അതിൽ ഒരു ഫൗളും ഉണ്ടായിരുന്നില്ലെന്നു തന്നോട് പറഞ്ഞിരുന്നുവെന്നും സൂചെക്ക് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു ശേഷം റഫറിക്കെതിരെ വധഭീഷണി ഉയർന്നതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്നും പോലീസ് നടപടിയുണ്ടാവുമെന്നും പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായ മൈക്ക് റെയ്‌ലി പറഞ്ഞു.

You Might Also Like