കുട്ടീന്യോ ട്രാൻസ്ഫറിൽ അതിനിർണായക വെളിപ്പെടുത്തൽ നടത്തി താരത്തിന്റെ ഏജന്റ്

Image 3
EPLFeaturedFootball

ഈ സീസണു ശേഷം ബാഴ്സ ഒഴിവാക്കാനൊരുങ്ങുന്ന താരങ്ങളിൽ പ്രഥമ സ്ഥാനത്തുള്ള ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീന്യോയുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി താരത്തിന്റെ ഏജന്റ് കിയ ജൂറബ്ചിയാൻ. ബാഴ്സലോണ വിട്ടാൽ കുട്ടീന്യോക്ക് ചേക്കേറാൻ താൽപര്യം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി. താരത്തെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന പ്രീമിയർ ലീഗ് ക്ലബുകളെ ആവേശം കൊള്ളിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.

നിലവിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിൽ ലോണിലാണ് താരം കളിക്കുന്നത്. ബയേണിനു താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ആഗ്രഹമില്ലാത്തതിനാൽ ഈ സീസണു ശേഷം താരം ബാഴ്സയിലേക്കു തിരിച്ചെത്തും. തങ്ങളുടെ ശൈലിയുമായി ഒത്തു പോകാൻ ഇതുവരെ കഴിയാത്ത, കനത്ത പ്രതിഫലം വാങ്ങുന്ന താരത്തെ ഒഴിവാക്കി മറ്റു താരങ്ങൾക്കുള്ള ഫണ്ടു കണ്ടെത്താനുള്ള ശ്രമത്തിലാണ് കറ്റലൻ ക്ലബ്.

“ചാമ്പ്യൻസ് ലീഗ് ആരംഭിക്കാനിരിക്കെ ഒരു ടീമുമായും ഇപ്പോൾ കരാറിലെത്താൻ കുട്ടീന്യോക്കു കഴിയില്ല. ചാമ്പ്യൻസ് ലീഗിനു ശേഷം അദ്ദേഹത്തിന് പ്രീമിയർ ലീഗിലേക്കു തിരിച്ചെത്താൻ ആഗ്രഹമുണ്ടെന്നത് രഹസ്യമല്ല. അതേസമയം ബാഴ്സയിൽ തന്നെ കുട്ടിന്യോ തുടരാനുള്ള സാധ്യതയുമുണ്ട്.” താരത്തിന്റെ ഏജന്റ് പറഞ്ഞു.

നിരവധി ക്ലബുകൾ താരത്തിനു വേണ്ടി രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആഴ്സനലാണ് കുട്ടീന്യോയെ സ്വന്തമാക്കാൻ ഏറ്റവുമധികം ശ്രമം നടത്തുന്നത്. ചെൽസി, ലൈസ്റ്റർ, ടോട്ടനം, ന്യൂകാസിൽ ടീമുകളും താരത്തിനു പിന്നാലെയുണ്ട്.