ഫ്രീകിക്ക് അടക്കം ഇരട്ട ഗോളുമായി ആറാടി റോണോ, അപൂര്‍വ്വ റെക്കോര്‍ഡ്

ലോകകപ്പിന് ശേഷം പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടുമിറങ്ങിയപ്പോള്‍ അത് ഇരട്ട ഗോളുകൊണ്ടുളള ആഘോഷമായി. പുതിയ കോച്ച് റൊബോര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴില്‍ യൂറോ യോഗ്യത റൗണ്ടില്‍ ലിചിന്‍സ്റ്റെനെ നേരിടാനാണ് റൊണാള്‍ഡോ അടക്കമുളള പോര്‍ച്ചുഗല്‍ ഇറങ്ങിയത്.

മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ലിചിന്‍സ്‌റ്റെനെ തോല്‍പിക്കാനും പോര്‍ച്ചുഗലിനായി. റൊണാള്‍ഡോ ഒരു ഫ്രീകിക്ക് അടക്കം രണ്ട് ഗോള്‍ നേടി.

ആദ്യ പകുതിയില്‍ കാന്‍സെലോ നേടിയ ഒരു ഗോളിന് പോര്‍ച്ചുഗല്‍ മുന്നില്‍ നിന്നു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോളുകള്‍ ഒഴുകാന്‍ തുടങ്ങി. 47ആം മിനുട്ടില്‍ ബെര്‍ണാഡൊ സില്‍വയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഇരട്ടിയാക്കി. 51ആം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടിയില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 63ാം മിനുട്ടില്‍ ഒരു ഫ്രീകിക്കിലൂടെ റൊണാള്‍ഡോ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി.

ഇതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് പോര്‍ച്ചുഗീസ് ഇതിഹാസം സ്വന്തം പേരിലെഴുതിയത്. അന്താരാഷ്ട്ര കരിയറില്‍ റൊണാള്‍ഡോയുടെ 197-മത്തെ മത്സരമായിരുന്നു ലിച്ചന്‍സ്റ്റീനെതിരെ നടന്നത്.

20032022 കാലഘട്ടത്തില്‍ 196 മത്സരങ്ങള്‍ കളിച്ച കുവൈറ്റ് ഇതിഹാസ താരം ബദര്‍ അല്‍ മുതവയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്. 1969-1984 സമയത്ത് 195 മത്സരങ്ങള്‍ കളിച്ച മലേഷ്യയുടെ സോ ചിന്‍ ആനിന്റെ പേരിലായിരുന്നു കുറേ നാള്‍ ഈ റെക്കോര്‍ഡ്. നിലവില്‍ സജീവമായി ഫുട്‌ബോളിലുള്ള റൊണാള്‍ഡോ ഇനിയും ഏറേ നാള്‍ കളിക്കളത്തിലുണ്ടാകുമെന്നതിനാല്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളുടെ ലോക റെക്കോര്‍ഡ് അടുത്തെങ്ങും ആര്‍ക്കും മറികടക്കാനാവില്ല എന്ന് ഉറപ്പാണ്.

 

You Might Also Like