റൊണാൾഡോയോട് നീതി കാണിക്കാനായില്ല; പോർച്ചുഗൽ യൂറോയിൽ നിന്നും പുറത്ത്

Image 3
Euro 2020

യൂറോ പ്രീക്വാർട്ടറിലെ ഗ്ലാമർ പോരാട്ടം കടന്ന് ബെൽജിയം ക്വാർട്ടർ ഫൈനലിലെത്തി. സെക്കൻഡ് ഹാഫിൽ തോര്‍ഗന്‍ ഹസാർഡ് പായിച്ച വെടിയുണ്ട പറങ്കിപ്പടയുടെ നെഞ്ചുകീറി വലയിൽ പതിച്ചപ്പോൾ റൊണാൾഡോയ്ക്കും കൂട്ടർക്കും മറുപടിയുണ്ടായിരുന്നില്ല.

കളിയിൽ തുടക്കത്തിലൊഴികെ ഒരിക്കലും വ്യക്തമായ മുൻ‌തൂക്കം ഇല്ലാതിരുന്ന ബെൽജിയം ഹസാർഡിന്റെ ഫിനിഷിങ് മികവിന്റെ ബലത്തിലാണ് നിലവിലെ ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചു മികച്ച ഫുട്ബോൾ കാഴ്ചവച്ചിട്ടും സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പന്തെത്തിക്കാൻ പോർച്ചുഗൽ മധ്യനിരക്ക് കഴിയാതിരുന്നതാണ് തോൽവിക്ക് കാരണം.

റെനാറ്റോ സാഞ്ചസിന്റെ നേതൃത്വത്തിൽ മധ്യനിര പോർച്ചുഗൽ ഭരിച്ചപ്പോഴും, അപകടകരമായ സ്ഥലങ്ങളിൽ റൊണാൾഡോയുടെ കാലിൽ പന്ത് എത്താതെ നോക്കാൻ ബെല്ജിയത്തിനായി. മറ്റു പോർച്ചുഗീസ് താരങ്ങൾക്കാവട്ടെ കിട്ടിയ അവസരങ്ങൾ ഒന്നുപോലും ഗോളാക്കി മാറ്റാൻ കഴിഞ്ഞുമില്ല. ഒന്നിലേറെ തവണ ദൗര്ഭാഗ്യവും പോർച്ചുഗലിന് വിനയായി.

23 തവണയാണ് പോർച്ചുഗൽ ഗോളിലേക്ക് നിറയൊഴിച്ചത്. എന്നാൽ റൊണാൾഡോയുടെ പിൻഗാമികൾക്ക് ഗോളിനാവശ്യമായ സ്‌ഫോടക ശക്തി ഷോട്ടുകളിൽ നിറക്കാനായില്ല. മറുവശത്താവട്ടെ, വെറും ആറു തവണ മാത്രമാണ് ബെൽജിയം ഗോളിനായി ശ്രമം നടത്തിയത്. അതിൽ അർദ്ധാവസരം പോലുമില്ലാതിരുന്ന ഒരെണ്ണം ഗോളാക്കി മാറ്റാൻ ഹസാർഡിനായി.

കിട്ടിയ അവസരങ്ങൾ ഒന്നിനുപുറകെ ഒന്നായി പാഴാക്കിയതോർത്ത് നിലവിലെ ചാമ്പ്യന്മാർക്ക് പരിതപിക്കാം. അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന് ആദ്യ അവസരംലഭിച്ചിരുന്നു. റെനാറ്റോ സാഞ്ചസ് നൽകിയ പന്ത് സ്വീകരിച്ച് ഡിയോഗോ ജോട്ട തൊടുത്ത ഷോട്ട് പക്ഷെ ലക്ഷ്യംകണ്ടില്ല. 25-ാ മിനിറ്റില്‍ തീർത്തും ദുഷ്കരമായ അങ്കിളിൽ ലഭിച്ച ഫ്രീകിക്ക് ക്രിസ്റ്റിയാനോ അതിസമർത്ഥമായി ഗോളിലേക്ക് തൊടുത്തെങ്കിലും ബെൽജിയം ഗോൾ കീപ്പർ ക്വോട്ടുവ തടുത്തു. 37-ാ മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെ ബെൽജിയം ഗോളിന് ശ്രമിച്ചെങ്കിലും തോമസ് മുനിയറിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

42-ാം മിനിറ്റില്‍ റൊണാൾഡോയുടെയും കൂട്ടരുടെയും വിധിനിർണയിച്ച ഗോൾ പിറന്നു. ബോക്‌സിന് പുറത്ത് മുനിയർ നൽകിയ പന്ത് രണ്ട് ഡിഫൻഡർമാരെ വെട്ടിച്ചു വലങ്കാലു കൊണ്ട് ഹസാര്‍ഡ് വലയിലേക് തൊടുത്തപ്പോൾ പോർച്ചുഗൽ പ്രതിരോധവും, ഗോൾകീപ്പറും കാഴ്ചക്കാരായി.

രണ്ടാം പകുതിയിലും ആക്രമണം തുടർന്ന പോർച്ചുഗൽ ഗോൾ നേടുമെന്ന് ഒന്നിലേറെ തവണ തോന്നിപ്പിച്ചു. 59-ാം മിനിറ്റില്‍ റൊണാൾഡോ നൽകിയ അവസരം തിയാഗോ ജോട്ട ബാറിന് മുകളിലൂടെ പാഴാക്കി. 61-ാം മിനിറ്റില്‍ ജോവോ ഫെലിക്‌സിന്റെ ഹെഡ്ഡര്‍ ശ്രമത്തിനാവട്ടെ ക്വോട്ടുവയെ മറികടക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല.
82-ാം മിനിറ്റില്‍ റൂബന്‍ ഡയസിന്റെ ഹെഡ്ഡറിനും ക്വോട്ടുവയെ മറികടക്കാനായില്ല. തൊട്ടടുത്ത നിമിഷം റാഫേല്‍ ഗ്യുറൈറോയുടെ നിലംപറ്റെയുള്ള വോളി ബെല്‍ജിയന്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് നിറകണ്ണുകളോടെയാണ് പോർച്ചുഗൽ കണ്ടത്. നിലവിലെ ചാമ്പ്യന്മാരുടെ വിധികുറിക്കപ്പെട്ടുകഴിഞ്ഞുവെന്ന് അപ്പോഴേക്കും ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരുന്നു.

ക്വാർട്ടറിൽ തുടർച്ചയായ 31ആം ജയവുമായെത്തുന്ന ഇറ്റലിയാണ് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തിന്റെ എതിരാളികൾ.