നേഷൻസ് ലീഗിൽ ക്രോയേഷ്യയെ മലർത്തിയടിച്ച് പോർച്ചുഗൽ, ബെൽജിയം ഡെന്മാർക്കിനെ തകർത്തു.

Image 3
FeaturedFootballNations League

യുവേഫ നേഷൻസ് ലീഗിൽ മൂന്നാം ഗ്രൂപ്പ്‌ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിന് മിന്നും ജയം. വേൾഡ് കപ്പ് റണ്ണറപ്പുകളായ ക്രോയേഷ്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തു വിട്ടത്. കാലിലെ പരിക്കു മൂലം കളിക്കാൻ പറ്റാതിരുന്ന സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ അഭാവത്തിലും ഉജ്ജ്വലപ്രകടനമാണ് നിലവിലെ ചാമ്പ്യൻമാർ പുറത്തെടുത്തത്.

ക്രോയേഷ്യയെ നിഷ്പ്രഭമാക്കിയ മത്സരത്തിൽ ജാവോ ക്യാൻസലോ, ഡിയോഗോ ജോട്ട, ജാവോ ഫെലിക്സ്, ആന്ദ്രെ സിൽവ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. ക്രോയേഷ്യയുടെ ആശ്വാസഗോൾ ബ്രൂണോ പെറ്റ്കോവിച്ചിന്റെ വകയായിരുന്നു. സൂപ്പർ താരങ്ങളായ റാക്കിറ്റിച്ച്, മോഡ്രിച്ച് എന്നിവരുടെ അഭാവം ക്രോയേഷ്യക്ക് വൻ തിരിച്ചടിയാവുകയായിരുന്നു.

പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിന്റെ പ്രകടനം ഇന്നലെ ഏറെ പ്രശംസ പിടിച്ചു പറ്റി. റൊണാൾഡോയുടെ അഭാവത്തിലും ടീം ഒന്നടങ്കം മിന്നും പ്രകടനം കാഴ്ച്ചവെച്ചത് ആരാധകർക്ക് ആശ്വാസം നൽകിയ ഒന്നാണ്. ഇതോടെ ഗ്രൂപ്പ്‌ മൂന്നിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് എത്തി. മൂന്ന് പോയിന്റ് തന്നെയുള്ള ഫ്രാൻസ് ആണ് രണ്ടാം സ്ഥാനത്ത്. 

ഒപ്പം നടന്ന ബെൽജിയവും ഡെന്മാർക്കുമായി നടന്ന മത്സരത്തിൽ 2 ഗോളുകൾക്ക് ഡെന്മാർക്കിനെ തകർത്തു. പ്രതിരോധ താരം ജേസൺ ഡിനായരുടേയും ഡ്രൈസ് മെർട്ടെൻസിന്റെയും ഗോളുകളിൽ വലിയ വെല്ലുവിളികളില്ലാതെ തന്നെ ബെൽജിയത്തിനു വിജയം നേടാനായി. ഈഡൻ ഹസാർഡിന്റെ അഭാവത്തിലും മികച്ച പ്രകടനമാണ് ബെൽജിയം കാഴ്ചവെച്ചത്. റൊമേലു ലുകാകുവിന്റെ പ്രകടനമാണ് ബെൽജിയൻ ആക്രമണങ്ങളിൽ നിരനായകമായത്. ഇതോടെ ഐസ്ലാൻഡിനെ ഒരു ഗോളിന് തോൽപ്പിച്ച ഇംഗ്ലണ്ടിന് മുകളിൽ ഒന്നാം സ്ഥാനത്താണ് ബെൽജിയം.