റൊണാൾഡോക്കു പകരമിറങ്ങി ഹാട്രിക്കുമായി ഗോൺകാലോ റാമോസ്, സ്വിറ്റ്‌സർലണ്ടിനെ തകർത്തു വിട്ട് പോർച്ചുഗൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കി ഇറങ്ങിയ പ്രീ ക്വാർട്ടർ മത്സരത്തിൽ തകർപ്പൻ വിജയം നേടി പോർച്ചുഗൽ. റൊണാൾഡോക്ക് പകരമിറങ്ങിയ ഗോൺകാലോ റാമോസ് ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയപ്പോൾ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം നേടിയത്. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം പെപ്പെയും സ്വന്തമാക്കിയ മത്സരത്തിൽ റാഫേൽ ഗുറേറയും റാഫേൽ ലിയാവോയുമായാണ് പോർച്ചുഗലിന്റെ മറ്റു ഗോളുകൾ നേടിയത്. സ്വിറ്റ്‌സർലണ്ടിന്റെ ആശ്വാസഗോൾ പ്രതിരോധതാരം മാനുവൽ അകാഞ്ചിയാണ് സ്വന്തമാക്കിയത്.

റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയ തീരുമാനം തീർത്തും ശരിയാണെന്നു മത്സരം തുടങ്ങി പതിനേഴാം മിനുട്ടിൽ തന്നെ പോർച്ചുഗൽ തെളിയിച്ചു. റൊണാൾഡോയുടെ പകരക്കാരനായി ഇറങ്ങിയ ഗോൻകാലോ റാമോസ് ബോക്‌സിന്റെ മൂലയിൽ നിന്നും ഫെലിക്‌സിന്റെ പാസ് സ്വീകരിച്ച് ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്നുമുതിർത്ത ഷോട്ട് സ്വിസ് വല കുലുക്കി. മുപ്പത്തിമൂന്നാം മിനുട്ടിൽ പോർച്ചുഗൽ വീണ്ടും ലീഡുയർത്തി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിനു തല വെച്ച് മുപ്പത്തിയൊമ്പതു വയസുകാരനായ പെപ്പെയാണ് പോർച്ചുഗൽ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയത്.

രണ്ടു ഗോളുകൾക്ക് പുറമെ സ്വിസ് ബോക്‌സിൽ പോർച്ചുഗൽ ഭീഷണിയുയർത്തി നിമിഷങ്ങൾ വേറെയുണ്ടായിരുന്നെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ അവർക്കായില്ല. സ്വിറ്റ്സർലൻഡും ഒന്ന് രണ്ടു തവണ ഗോൾ നേടുന്നതിന്റെ അരികിലെത്തിയിരുന്നു. ഷാക്കിരിയുടെ മനോഹരമായ ഫ്രീ കിക്കും മറ്റൊരു സ്വിസ്സ് താരത്തിന്റെ ഹെഡർ ശ്രമവും പോർച്ചുഗൽ ഗോൾകീപ്പർ വിഫലമാക്കി. പോർചുഗലിനോട് പിടിച്ചു നിൽക്കാൻ സ്വിറ്റ്സർലണ്ടിന് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ആദ്യപകുതി അവസാനിച്ചത്.

രണ്ടാം പകുതിയിലും കാര്യങ്ങൾ വ്യത്യസ്‌തമായിരുന്നില്ല. കളി തുടങ്ങി ആറാം മിനുട്ടിൽ തന്നെ ഗോൻകാലോ റാമോസ് വല കുലുക്കി. ഡീഗോ ദാലോട്ട് നൽകിയ ക്രോസിലായിരുന്നു ഗോൾ പിറന്നത്. നാല്റാ മിനിറ്റിനകം റാമോസ് തന്നെ നൽകിയ പാസിൽ റാഫേൽ ഗുറേറോ കൂടി ഗോൾ കണ്ടെത്തിയതോടെ സ്വിറ്റ്സർലാൻഡിനു തിരിച്ചു വരാമെന്നുള്ള പ്രതീക്ഷകൾ പൂർണമായും അസ്‌തമിച്ചു. അമ്പത്തിയെട്ടാം മിനുട്ടിൽ സ്വിസ് മത്സരത്തിലെ ആശ്വാസഗോൾ നേടി. ഒരു കോർണറിൽ നിന്നും റാമോസിന്റെ തലയിൽ തട്ടി വന്ന പന്ത് വലയിലേക്ക് തട്ടിയിട്ടു പ്രതിരോധതാരം അകാഞ്ചിയാണ് സ്വിറ്റ്‌സർലണ്ടിനെ ഗോൾ നേടിയത്.

റൊണാൾഡോക്ക് പകരക്കാരനായിറങ്ങാൻ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് തെളിയിച്ച് അറുപത്തിയേഴാം മിനുട്ടിലാണ് ഗോൻകാലോ റാമോസ് ഹാട്രിക്ക് തികക്കുന്നത്. ജോവ ഫെലിക്‌സാണ് ഇത്തവണയും താരത്തിന്റെ ഗോളിന് അസിസ്റ്റ് നൽകിയത്. മിനിട്ടുകൾക്ക് ശേഷം താരത്തെ പിൻവലിക്കുകയും ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങുകയും ചെയ്‌തു. എൺപത്തിനാലാം മിനുട്ടിൽ റൊണാൾഡോ ഒരു ഗോൾ നേടിയെങ്കിലും അത് റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.

പകരക്കാരനായിറങ്ങിയ റൊണാൾഡോയുടെ ഒരു ഗോൾ ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതിനു പകരം ഗോൾ നേടിയത് എൺപത്തിയേഴാം മിനുട്ടിൽ ഇറങ്ങിയ എസി മിലാൻ താരം റാഫേൽ ലിയാവോയായിരുന്നു. റാഫേൽ ഗുറേറയുടെ പാസ് സ്വീകരിച്ച താരം ബോക്‌സിന്റെ മൂലയിൽ നിന്നും പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് മനോഹരമായി വളച്ചിറക്കി. മത്സരത്തിലെ ഏറ്റവും മികച്ച ഗോളും അതായിരുന്നു.

You Might Also Like