പൊള്ളാര്‍ഡ് അത് ചെയ്യാന്‍ പാടില്ലായിരുന്നു, സുന്ദര്‍ കാട്ടിയത് തുല്യതയില്ലാത്ത മാന്യത

കെ നന്ദകുമാര്‍ പിള്ള

സീന്‍ 1 :
ശ്രീലങ്ക-വെസ്റ്റിന്‍ഡീസ്, ഒന്നാം ഏകദിനം, ആന്റിഗ്വ, 10-03-2021

ആദ്യം ബാറ്റ് ചെയുന്ന ശ്രീലങ്കക്ക് വേണ്ടി ഗുണതിലകേയും ക്യാപ്റ്റന്‍ കരുണരത്‌നെയും മികച്ച രീതിയില്‍ സ്‌കോര്‍ നേടുന്നു. കെയ്റോണ്‍ പൊള്ളാര്‍ഡിന്റെ പന്ത് തടുത്തിട്ട ഗുണതിലകേ റണ്ണിനായി തുടക്കം കുറിയ്ക്കുന്നു. റണ്ണിനുള്ള അവസരം ഇല്ല എന്ന് മനസിലാക്കി അദ്ദേഹം വേണ്ടാ എന്ന് പറയുമ്പോഴേക്കും നോണ്‍ സ്ട്രൈക്കര്‍ കരുണരത്‌നെ പിച്ചിന്റെ പകുതിയില്‍ കൂടുതല്‍ ഓടിയെത്തുന്നു. ഗുണതിലകേ ക്രീസിനു വെളിയില്‍. പന്ത് അദ്ദേഹത്തിന്റെ പുറകില്‍.

നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ റണ്‍ ഔട്ട് അവസരം മുതലാക്കാനായി പന്ത് എടുക്കാനായി പൊള്ളാര്‍ഡ് ഓടി വരുന്നു. ഗുണതിലകേ പുറകോട്ട് നീങ്ങുന്നു. പന്ത് അദ്ദേഹത്തിന്റെ കാലില്‍ തട്ടി നീങ്ങുന്നു. പൊള്ളാര്‍ഡിനു പന്തെടുക്കാന്‍ പറ്റാതിരുന്നതിനാല്‍ റണ്‍ ഔട്ട് അവസരം പാഴാകുന്നു. അവസരം നഷ്ടപ്പെട്ടതില്‍ നിരാശനും ക്രുദ്ധനുമായ പൊള്ളാര്‍ഡ് Obstructing the field ഔട്ടിനായി അപ്പീല്‍ ചെയുന്നു. തേര്‍ഡ് അമ്പയര്‍ ഗുണതിലകേ ഔട്ട് ആണെന്ന് വിധിക്കുന്നു. വളരെ നിര്‍ഭാഗ്യകരമായ രീതിയില്‍ അദ്ദേഹത്തിന് പുറത്തേക്കു പോകേണ്ടി വരുന്നു

സീന്‍ 2:

ഇന്ത്യ-ഇംഗ്ലണ്ട്, ഒന്നാം ടി20, അഹമ്മദാബാദ്, 12-03-2021

ഡേവിഡ് മലാന്‍ പന്ത് സ്‌കൂപ് ചെയ്യുന്നു. സിമ്പിള്‍ ക്യാച്ച് എടുക്കാനായി ബൗളര്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ ശ്രമം. പന്ത് നേരെ നോണ്‍ സ്ട്രൈക്കര്‍ ജോണി ബയേര്‍‌സ്റ്റോ യുടെ നേരെ വരുന്നു. സുന്ദര്‍ പന്ത് കൈക്കലാക്കി എന്ന് ഉറപ്പിച്ചെങ്കിലും നോണ്‍സ്ട്രൈക്കറുമായി കൂട്ടിയിടിച്ച് ക്യാച്ച് നഷ്ടപ്പെടുന്നു. സുന്ദര്‍ ക്രുദ്ധനായെങ്കിലും അപ്പീല്‍ ചെയാതിരിക്കാനുള്ള മാന്യത, അല്ലെങ്കില്‍ പക്വത ഇന്ത്യന്‍ ടീം കാണിച്ചു. പ്രശ്‌നം അവിടെ അവസാനിച്ചു.

രണ്ടു സാഹചര്യത്തിലും ബാറ്റ്സ്മാന്മാര്‍ മനപ്പൂര്‍വം ചെയ്തതല്ല എന്ന് വ്യക്തമാണ്. പക്ഷെ പൊള്ളാര്‍ഡ് അപ്പീല്‍ ചെയ്തു, അതെ സമയം സുന്ദര്‍ അതിനു തയ്യാറായില്ല. സുന്ദര്‍ അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ മൂന്നാം അമ്പയര്‍ എന്ത് തീരുമാനം എടുക്കുമായിരുന്നു എന്നറിയാന്‍, വെറുതെയെങ്കിലും ഒരു കൗതുകം തോന്നുന്നു.

മറ്റു പല ടീമുകളില്‍ നിന്നും വ്യത്യസ്തമായി പൊതുവെ വെസ്റ്റ് ഇന്‍ഡീസുകാര്‍ കളത്തില്‍ മാന്യത കാണിക്കുന്നവരായിട്ടാണ് അറിയപ്പെടുന്നത്. ലോകകപ്പില്‍ പാകിസ്താനെതിരെ ജയിക്കാന്‍ അവസരമുണ്ടായിട്ടും, മങ്കാദിങ് നടത്താതെ മാന്യത കാണിച്ച വാല്‍ഷ് ഒക്കെ അതിനു ഉദാഹരണങ്ങളാണ്. അവരുടെ പിന്മുറക്കാരില്‍ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like