ആംഗുളോയെ ബ്ലാസ്‌റ്റേഴ്‌സിന് വിട്ടുകൊടുക്കരുത്, പോളിഷ് ആരാധകരുടെ പ്രതിഷേധം

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഗ്‌ബെച്ചോവിന് കൂട്ടായി നോട്ടമിട്ടിരിക്കുന്ന സ്പാനിഷ് താരം ഇഗൊര്‍ ആംഗുളോയെ വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് പോൡഷ് ആരാധകരുടെ പ്രതിഷേധം. പോളിഷ് ഒന്നാം ഡിവിഷന്‍ ക്ലബ് ഗോര്‍നിക് സാബ്രസിന്റെ ആരാധകകൂട്ടമായ ‘പാര്‍ട്‌നേഴ്‌സ് ഗോര്‍നിക്’ ആണ് താരം ക്ലബ് വിടുന്നതിനെ എതിര്‍ത്ത് രംഗത്തുളളത്.

സ്പാനിഷ് താരത്തിനായി പുതിയ കരാറിനുള്ള തുക വരെ സമാഹരിച്ചാണ് ഇഗോറിനെ നിലനിര്‍ത്താനുള്ള ശ്രമം ആരാധകക്കൂട്ടം തുടങ്ങിയത്. ക്ലബിനു പണമാണ് പ്രശ്‌നമെങ്കില്‍ അതു വഹിക്കാന്‍ ‘പാര്‍ട്‌നേഴ്‌സ് ഗോര്‍നിക്’ തയാറെന്ന മുദ്രാവാക്യമാണു പോളിഷ് ആരാധകര്‍ ഉയര്‍ത്തിയത്. ടീമിന്റെ സുവര്‍ണതാരത്തെ നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകാമെന്ന മട്ടിലാണ് ആരാധകക്കൂട്ടായ്മ.

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് കിബു വിക്കൂനയുടെ ഗെയിം പ്ലാനിലെ ആദ്യ പേരുകളിലൊന്നാണ് ഇഗോര്‍ അംഗുലോ. 36 വയസ്സായെങ്കിലും പോളിഷ് ലീഗില്‍ ഗോളടിച്ച് കൂട്ടുന്നതില്‍ ഒരു കുറവുമില്ല. ഇഗോര്‍ ഗോര്‍നിക്കിനു വേണ്ടി 126 കളികളില്‍ നിന്നായി അടിച്ചത് 76 ഗോള്‍ ആണ് അടിച്ചുകൂട്ടിയത്.

രണ്ടാം ഡിവിഷനില്‍ നിന്നു ക്ലബിനെ ഉയര്‍ത്തിയ രക്ഷകനാണ് അവര്‍ക്ക് ഇഗോര്‍. എന്നാല്‍ ഈ ആവേശത്തിനിടയിലും ഇഗോര്‍ അംഗുലോ മനസ് മാറ്റിയിട്ടില്ല.താരം ഇന്ത്യയിലേക്ക് എന്ന മട്ടില്‍ പോളിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനൊപ്പം മറ്റ് ഐഎസ്എല്‍ ടീമുകളും സ്പാനിഷ് താരത്തിനു പിന്നാലെയുണ്ട്. എഫ്‌സി ഗോവയും ബംഗളൂരു എഫ്‌സിയുമാണ് ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിനു ഭീഷണി സൃഷ്ടിക്കുന്ന എതിരാളികള്‍.