ഫ്രഞ്ച് ടീമിൽ ആഭ്യന്തരകലഹം; എംബപ്പേക്ക് പിന്നാലെ പോഗ്ബയും വരാനെയും തമ്മിൽ ഉടക്കി

Image 3
Euro 2020

യൂറോ ഫേവറൈറ്റുകളായി എത്തി പ്രീക്വാർട്ടറിൽ സ്വിറ്റസർലാൻഡിനോട് അത്ഭുതകരമാം വണ്ണം തോറ്റു പുറത്തായ ഫ്രഞ്ച് ടീമിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് റിപ്പോർട്ട്. ഫ്രഞ്ച് ടീമിൽ താരങ്ങൾ തമ്മിൽ ആഭ്യന്തരകലഹം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.


സൂപ്പർതാരങ്ങളായ എംബാപ്പയെയും പോഗ്ബയെയും ചുറ്റിപ്പറ്റിയാണ് പ്രശ്നങ്ങൾ മുഴുവൻ. സ്വിറ്റസർലാൻഡുമായുള്ള മത്സരത്തിൽ പോഗ്ബയുടെ പ്രകടനത്തെ ചോദ്യം ചെയ്‌ത റാഫേൽ വരാനെയുമായും, ബെഞ്ചമിൻ പവാർഡുമായും പോഗ്ബ ഉടക്കിയതായാണ് ഫ്രഞ്ച് ദിനപത്രം ലെസ് പാരീസിയൻ റിപ്പോർട്ട് ചെയ്യന്നത്.


ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കുകയും, രണ്ടാ൦ പകുതിയിൽ അതിശക്തമായി മൂന്ന് ഗോളുകൾ നേടി തിരിച്ചുവരികയും ചെയ്ത ഫ്രാൻസ് അവസാന പത്തുമിനിറ്റിലെ ‘അശ്രദ്ധ’ക്ക് നൽകിയ വലിയ വിലയാണ് യൂറോയിലെ പുറത്താകൽ. അവസാന പത്തുമിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടി സ്വിറ്റ്സർലൻഡ് സമനില പിടിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ടത്.


രണ്ടാ൦ പകുതിയിൽ ഫ്രാൻസ് ഗോൾ വഴങ്ങിയത് പോഗ്ബ പ്രതിരോധത്തിൽ വേണ്ടത്ര ശ്രദ്ധകൊടുക്കാത്തത് കൊണ്ടാണെന്ന് പവാർഡും, വരാനെയും പറഞ്ഞുവെന്നും പോഗ്ബ ഇവരോട് തിരിച്ചു കയർക്കുകയും ചെയ്തുവെന്നാണ് ലെസ് പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നത്. അഡ്രിയാൻ റബിയോട്ട്, വരാനെ, പവാർഡ് അടക്കമുള്ള താരങ്ങൾ പോഗ്ബ പ്രതിരോധത്തിൽ അലസനാവുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

എന്തായാലും ഗ്രൗണ്ടിൽ താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത് ഫ്രാൻസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. നേരത്തെ ഗ്രീസ്മാനും എംബപ്പേയും തമ്മിൽ അത്ര രസത്തിലല്ല എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഫ്രീകിക്കുകൾ എല്ലാം ഗ്രീസ്മാൻ എടുക്കുന്നതിൽ എംബപ്പേ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നുവത്രെ.


പരിശീലനത്തിനിടെ ജിറൂടുമായി ഉടക്കിയതിന്റെ പേരിൽ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് അടക്കമുള്ള താരങ്ങളുടെ നോട്ടപ്പുള്ളിയാണ് നേരത്തെ എംബപ്പേ.