ഫ്രാൻ‌സിൽ നിന്നും പോഗ്ബ വിരമിച്ചുവെന്ന വാർത്ത,സത്യാവസ്ഥ വ്യക്തമാക്കി പോഗ്ബ രംഗത്ത്

ഇന്നു  രാവിലെ മുതൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു  സോഷ്യൽ മീഡിയയിൽ കറങ്ങി നടന്ന ഒരു വാർത്തയാണ് സൂപ്പർതാരം പോൾ പോഗ്ബ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കാൻ പോവുന്നുവെന്ന റിപ്പോർട്ട്‌.  ഫ്രാൻസ് പ്രസിഡന്റായ ഇമ്മാനുവേൽ മാക്രോണിന്റെ ഇസ്ലാം മതവിദ്വേഷം പരത്തുന്ന പ്രസ്താവനയിൽ നിരാശനായാണ് ഫ്രാൻസിൽ നിന്നും വിരമിക്കാനൊരുങ്ങിയതെന്നാണ് റിപ്പോർട്ട്‌.

അറബ് മാധ്യമത്തെ ഉദ്ദരിച്ച് ഇംഗ്ലീഷ് മാധ്യമമായ ദി സൺ കൂടി വാർത്ത റിപ്പോർട്ട്‌ ചെയ്തതോടെ വാർത്ത കാട്ടുതീ പോലെ പടരുകയായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് പോൾ പോഗ്ബ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരിക്കലും അംഗീകരിക്കാനാവാത്ത വ്യാജ വാർത്തയാണ് സൺ നൽകിയതെന്നു പോഗ്ബ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പോഗ്ബ ഇക്കാര്യം ഫുട്ബോൾ ലോകത്തിനെ അറിയിച്ചത്. സൺ പുറത്തുവിട്ട റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ടിനു അംഗീകരിക്കാനാവാത്ത വ്യാജവാർത്തയെന്ന തലക്കെട്ടു നൽകിയാണ് പോഗ്ബ സ്റ്റോറിയുണ്ടാക്കിയിരിക്കുന്നത്. താനറിയാത്ത ഒരു വിവാദ സംഭവം വാർത്തയാക്കിയതിനു സണ്ണിനെ വിമർശിക്കാനും പോഗ്ബ മറന്നില്ല.

സ്കൂൾ കുട്ടികൾക്കുള്ള വിവരം പോലും മാധ്യമപ്രവർത്തകർക്കില്ലെന്നും പോഗ്ബ തുറന്നടിച്ചു. ലജ്ജവഹമായ പ്രവർത്തിയാണ് സൺ ചെയ്തതെന്നും പോഗ്ബ ചൂണ്ടിക്കാണിച്ചു. അതിന്റെ പ്രസാദകർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പോഗ്ബ. എന്നെ ഉപയോഗിച്ച് വ്യാജവാർത്ത ഉണ്ടാക്കിയത് തന്നിൽ വളരെയധികം ഞെട്ടലുണ്ടാക്കിയെന്നും പോഗ്ബ കൂട്ടിച്ചേർത്തു.

You Might Also Like