പന്ത്രണ്ടു വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിട്ട് പൊചെട്ടിനോ, 12 ദിവസം കൊണ്ട് പിഎസ്‌ജിക്കൊപ്പം ആദ്യ കിരീടം

ചിരവൈരികളായ ഒളിമ്പിക് മാഴ്സെയുമായി നടന്ന ഫ്രഞ്ച് സൂപ്പർകപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്  വിജയം നേടി ഈ സീസണിലെ ആദ്യ ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ് പിഎസ്‌ജി. കണങ്കാലിനേറ്റ  പരിക്കു മൂലം പുറത്തായിരുന്ന സൂപ്പർതാരം നെയ്മർ തിരിച്ചു വന്ന മത്സരമായിരുന്നു ഇത്.  മത്സരത്തിൽ ഗോൾ നേടാനും നെയ്മർക്ക് സാധിച്ചു.

പിഎസ്‌ജിക്കായി ആദ്യ ഗോൾ  നേടിയത്  മൗറോ ഇക്കാർഡിയാണ്. എയ്ഞ്ചൽ ഡി മറിയയുടെ മികച്ചൊരു ക്രോസിൽ  ഇക്കാർഡിയെടുത്ത ഹെഡർ മാഴ്സെ ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും ഇക്കാർഡി തന്റെ ഗോൾ വലയിലേക്ക് തട്ടിയിടുകയായിരുന്നു. മത്സരത്തിലെ എൺപതിയഞ്ചാം മിനുട്ടിൽ പിഎസ്‌ജിക്ക് ലഭിച്ച പെനാൽറ്റി നെയ്മർ വലയിലെത്തിച്ചു ലീഡ് രണ്ടാക്കി ഉയർത്താനും സാധിച്ചു. എന്നാൽ അഞ്ചു മിനുട്ടിനു ശേഷം ദിമിത്രി പയറ്റിലൂടെ മാഴ്സെ ഗോൾ മടക്കിയെങ്കിലും  വിജയം പിഎസ്‌ജിക്കു സ്വന്തമാവുകയായിരുന്നു.

ഈ കിരീടംനേട്ടത്തിലൂടെ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ശ്രദ്ധ നേടിയത് പുതിയ പരിശീലകനായ മൗറിസിയോ പൊചെട്ടിനോയാണ്‌. പന്ത്രണ്ടു വർഷത്തെ പരിശീലക കരിയറിൽ പിഎസ്ജിയിലെത്തുന്നത് വരെ  ട്രോഫി നേടാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ടോട്ടനത്തിനൊപ്പം ചാമ്പ്യൻസ്‌ലീഗ് ഫൈനൽ വരെയെത്താൻ സാധിച്ചുവെങ്കിലും ലിവർപൂളിന് മുന്നിൽ തോൽവി സമ്മതിക്കേണ്ടി വരികയായിരുന്നു.

എന്നാൽ പിഎസ്‌ജി പരിശീലകനായതിനു ശേഷം വെറും 12 ദിവസത്തിനുള്ളിൽ കിരീടം നേടാൻ സാധിച്ചുവെന്നതാണ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. ടോട്ടനത്തിനൊപ്പം 2003 ദിവസങ്ങളാണ് പൊചെട്ടിനോ കിരീടമില്ലാതെ പരിശീലിപ്പിക്കേണ്ടി വന്നത്. ലാലിഗയിൽ എസ്പാന്യോളിനു വേണ്ടിയും കിരീടമൊന്നും നേടാൻ പോചെട്ടിനോക്ക് സാധിച്ചിരുന്നില്ല. പിഎസ്‌ജിക്ക് കിരീടങ്ങൾ പുത്തരിയല്ലെങ്കിലും പൊചെട്ടിനോയുടെ കരിയറിൽ ഇതൊരു പൊൻ‌തൂവലായി മാറിയിരിക്കുകയാണ്.

You Might Also Like