കഴിഞ്ഞ ഫൈനലിന്റെ പ്രതികാരത്തിനല്ല പിഎസ്‌ജി ഇറങ്ങുന്നത്, നയം വ്യക്തമാക്കി പൊചെട്ടിനോ

കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ്‌ലീഗ് ഫൈനലിന്റെ തനിയാവർത്തനമെന്നോണമാണ് ഇത്തവണ ക്വാർട്ടർ ഫൈനലിൽ പിഎസ്‌ജിയും ബയേൺ മ്യൂണിക്കും വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നത്. കഴിഞ്ഞ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനു ബയേൺ കിരീടം നേടുമ്പോൾ പിഎസ്‌ജിയുടെ കുറേ വർഷങ്ങളായുള്ള മോഹമാണ് തകർന്നടിഞ്ഞത്. ഇത്തവണ വീണ്ടും ബയേണിനെ നേരിടാനൊരുങ്ങുമ്പോൾ ഓരോ പിഎസ്‌ജി ആരാധകന്റെയും മനസ്സിൽ പ്രതികാരത്തിനൊപ്പം പൊലിഞ്ഞു പോയ പ്രതീക്ഷകളുടെ പുതിയ തീനാളം തന്നെയായിരിക്കും.

അന്നു നിലവിലെ ചെൽസി പരിശീലകനായ തോമസ് ടൂഹലായിരുന്നു പിഎസ്‌ജിയുടെ പരിശീലകനെങ്കിലും ഇത്തവണ മൗറിസിയോ പൊചെട്ടിനോയാണ്‌ പരിശീലകനെന്ന മാറ്റം മാത്രമേയുള്ളു. എങ്കിലും ഇത്തവണ ആ ഫൈനലിന്റെ പ്രതികാരമായിരിക്കില്ല പിഎസ്‌ജിയുടെ മനസ്സിലെന്നു പൊചെട്ടിനോ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തവണ രണ്ടു പാദങ്ങൾ ഉള്ളത് കൊണ്ടു തന്നെ മത്സരം വ്യത്യസ്തമാകുമെന്നാണ് പൊചെട്ടിനോയുടെ പക്ഷം. മത്സരത്തിനു മുന്നോടിയായി നടക്കുന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഫൈനൽ ഞങ്ങൾക്ക് ഒരു അളവുകോലായി കണക്കാക്കാൻ കഴിയില്ല. ആ സമയത്ത് ഞങ്ങൾ ഞങ്ങളുടെ സ്റ്റാഫുകൾക്കൊപ്പം അവിടെയുണ്ടായിരുന്നില്ല. ഞങ്ങൾ വെറും കാണികൾ മാത്രമായിരുന്നു. ഒപ്പം ഇത്തവണ രണ്ടു മത്സരങ്ങളായാണ് കളിക്കുന്നത്. അത് തന്നെ ഒരു വ്യത്യസ്ത പശ്ചാത്തലമാണ് നൽകുന്നത്. ”

“പ്രതികാരം ഒരു മത്സരത്തിലുണ്ടെങ്കിലും ഇത്തവണ ഒരു ശക്തരായ ടീമിനെ തോൽപ്പിക്കുകയെന്ന വെല്ലുവിളിയായെ ഇതിനെ കാണാൻ കഴിയുകയുള്ളു. ഒരു പക്ഷെ ലോകത്തിലെ തന്നെ മികച്ച ടീമിനെ തന്നെ. അതൊരു മികച്ച പ്രചോദനമാണ് ഞങ്ങൾക്ക് നൽകുന്നത്. പൊചെട്ടിനോ പറഞ്ഞു.

You Might Also Like