എംബാപ്പെ പിഎസ്‌ജിയിൽ തന്നെ ഒരുപാട് കാലം തുടരും, അഭ്യൂഹങ്ങളെക്കുറിച്ച് പൊചെട്ടിനോ പറയുന്നു
ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കിലിയൻ എംബാപ്പെ. പിഎസ്‌ജിയുമായി 2022 വരെ കരാറുണ്ടെങ്കിലും കരാർ പുതുക്കി താരത്തെ ദീർഘകാലത്തേക്ക് പിഎസ്‌ജിയിൽ തന്നെ നിലനിർത്താനുള്ള ശ്രമത്തിലാണ് സ്പോർട്ടിങ് ചീഫായ ലിയോനാർഡോ. എന്നാൽ ഇതു വരെയും പിഎസ്‌ജിയുമായി കരാർ പുതുക്കാൻ എംബാപ്പെ തയ്യാറായിട്ടില്ല.
റയൽ മാഡ്രിഡും താരത്തെ ബെർണബ്യുവിലെത്തിക്കാനുള്ള ശ്രമങ്ങൾ മറ്റൊരു ഭാഗത്തു നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഫ്രാൻസിന്റെ പ്രിയപ്പെട്ട സിനദിൻ സിദാന്റെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയെന്ന സ്വപ്നവും താരത്തിന്റെ മനസിലുണ്ട്. എന്നാൽ പിഎസ്‌ജിയുടെ പുതിയ പരിശീലകനായ പൊചെട്ടിനോക്ക് താരത്തിനെ പിഎസ്‌ജിയിൽ തന്നെ നിലനിർത്താനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സ്പെയിനിലെ ഒരു പ്രമുഖമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Pochettino: 'Mbappé will be at PSG for many years to come'https://t.co/ViXPGxzxzX
— AS USA (@English_AS) January 28, 2021
“ആരാണ് കിലിയനെ ഇഷ്ടപ്പെടാത്തത്. അവൻ തന്നെ അവന്റെ ചിരിയും മുഖവും ഊർജസ്വലതയും വെച്ച് എല്ലാവരെയും ഇഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. 19ആം വയസിൽ തന്നെ അവനൊരു ലോകചാമ്പ്യനാണ്. വിശേഷപ്പെട്ട പല ഗുണങ്ങളും അവനിൽ കാണാം. വികാരപരമായ ബുദ്ധിവിശേഷങ്ങളും. അവനു ഇനിയും മെച്ചപ്പെടാനുള്ള കഴിവുകളുണ്ട്. ഭാവിയിൽ എന്നല്ല ഇപ്പോൾ തന്നെ നമുക്കത് കാണാനാവുന്നുണ്ട്. ഇത്തരം കഴിവുകലുള്ളവരോടൊപ്പം ജോലിചെയ്യുകയെന്നത് ഒരു നല്ല കാര്യവും ഒപ്പം വെല്ലുവിളി നിറഞ്ഞതുമാണ്. ഇത്തരം കളിക്കാർക്ക് ഒരു പ്രതിവിധി നൽകിയാൽ അവർ അഞ്ചെണ്ണം ഇങ്ങോട്ട് പറഞ്ഞു തരും.”
” ഇപ്പോൾ ധാരാളം അഭ്യൂഹങ്ങൾ കാണാൻ കഴിയും. എനിക്ക് തോന്നുന്നത് അവൻ ഇനിയും ഒരുപാട് കാലം പിഎസ്‌ജിയിൽ തന്നെ തുടരുമെന്നതാണ്. അതു തന്നെയാണ് ക്ലബ്ബിന്റെ പ്രതീക്ഷയും.ഞങ്ങൾ ഇവിടുള്ളിടത്തോളം കാലം അവനിൽ ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. അവൻ ഒരു തീരുമാനത്തിലെത്തണമെന്നുള്ളത് സത്യമായ കാര്യമാണ്. പക്ഷെ ഇപ്പോഴത്തെ പ്രോജെക്ടിൽ അവൻ ഇവിടെ സന്തോഷവാനാണ്.” പൊചെട്ടിനോ പറഞ്ഞു.