ബാഴ്സയെക്കുറിച്ചു പറഞ്ഞ വാക്കുകൾ തിരിച്ചെടുത്ത് പൊചെട്ടിനോ

കരിയറിൽ ഒരിക്കലും ബാഴ്സലോണയെ പരിശീലിപ്പിക്കാൻ തയ്യാറാവില്ലെന്ന തന്റെ വാക്കുകൾ തിരിച്ചെടുത്ത് മുൻ ടോട്ടനം പരിശീലകൻ മൗറീസിയോ പൊചെട്ടിനോ. ബാഴ്സയെ പരിശീലിപ്പിക്കുന്നതിനേക്കാൾ നല്ലത് തന്റെ ഫാമിൽ പണി ചെയ്യുകയാണെന്ന തന്റെ വാക്കുകളാണ് പൊചെട്ടിനോ തിരുത്തിയത്. ടോട്ടനം പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം പുതിയ ക്ലബിനെ തേടുന്ന പൊചെട്ടിനോ എൽ പെയ്സിനോടു സംസാരിക്കുകയായിരുന്നു.

“ആ പ്രതികരണം നടത്തിയ സമയത്ത് ബാഴ്സയിലെ ഒരു ബാറിൽ വച്ച് ബർട്ടമൂവിനെ ഞാൻ കണ്ടിരുന്നു. മക്കൾ ഒരേ സ്കൂളിലാണു പഠിക്കുന്നതെന്നതു കൊണ്ട് പരസ്പരം അഭിവാദ്യം ചെയ്യുകയും അഞ്ചു മിനുട്ട് സംസാരിക്കുകയും ചെയ്തു. എന്നാൽ ഒരുപാട് അഭ്യൂഹങ്ങൾ ഉയരുന്നതിന് അതു കാരണമായി. അതവസാനിപ്പിക്കാനാണ് അത്തരമൊരു പ്രതികരണം നടത്തിയത്.”

“ബാഴ്സയെ താഴ്ത്തിക്കെട്ടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. എസ്പാന്യോൾ എന്നെ ഉയർത്തിക്കൊണ്ടു വന്ന ക്ലബാണെങ്കിലും ബാഴ്സയെ മോശമാക്കണമെന്ന് ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോൾ ഞാനൊരിക്കലും അതു പറയില്ല, കാരണം ജീവിതത്തിൽ എന്താണു സംഭവിക്കുകയെന്നത് നമുക്കു പറയാൻ കഴിയില്ല.” പൊചെട്ടിനോ വ്യക്തമാക്കി.

പൊചെട്ടിനോയുടെ നിലവിലെ പ്രതികരണം അദ്ദേഹം ഭാവിയിൽ ബാഴ്സ പരിശീലകനാവാനുള്ള സാധ്യതകളെ വർദ്ധിപ്പിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ബാഴ്സ അദ്ദേഹത്തെ നോട്ടമിട്ടിട്ടുണ്ടെന്ന വാർത്തകൾ ശക്തമായിരുന്നു. എന്നാൽ സെറ്റിയൻ പുതിയ സീസണിലും തുടരുമെന്നാണ് ബർട്ടമൂ ഇക്കാര്യത്തിൽ വ്യക്തമാക്കുന്നത്.

You Might Also Like