പിഎസ്‌ജിയിൽ ആദ്യമത്സരത്തിൽ സമനില, എംബാപ്പെ ഇനിയും മെച്ചപ്പെടാനുണ്ടെന്നു പൊചെട്ടിനോ

മൗറിസിയോ പൊചെട്ടിനോ പരിശീലകനായ ശേഷം നടന്ന ആദ്യ മത്സരത്തിൽ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ് പിഎസ്‌ജിക്ക്. സെന്റ് എറ്റിയെന്നെക്കെതിരെയാണ്  പിഎസ്‌ജിക്ക് അപ്രതീക്ഷിതമായി സമനില നേരിടേണ്ടി വന്നത്. ലീഗിൽ പതിനാലാം സ്ഥാനത്തുള്ള എറ്റിയെന്നേക്കെതിരെ പൊചെട്ടിനോക്കു കീഴിൽ സൂപ്പർതാരം എംബാപ്പെ ഇറങ്ങിയെങ്കിലും  പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ പോവുകയായിരുന്നു.

എറ്റിയെന്നെ താരം റോമെയിൻ ഹമൗമ  19ആം മിനുട്ടിൽ തന്നെ പിഎസ്‌ജി വല കുലുക്കിയപ്പോൾ  പിഎസ്‌ജിക്കു വേണ്ടി  സമനില ഗോൾ കണ്ടെത്തിയത് യുവതാരം മൊയ്‌സെ കീൻ ആയിരുന്നു. 22ആം മിനുട്ടിലെ സമനിലഗോളിനു ശേഷം ഗോൾ നേടാൻ പിഎസ്‌ജിക്ക് കഴിയാതെ പോയതാണ് പോചെട്ടിനോക്ക് തിരിച്ചടിയായത്. സൂപ്പർതാരം കിലിയൻ എംബാപ്പെ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് മത്സരശേഷം പൊചെട്ടിനോ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്.

“ഞാൻ അവന്റെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. എന്നാൽ അവൻ ഇനിയും മെച്ചപ്പെടാനുണ്ട്. എനിക്കറിയാം. അവനു ഗോൾ നേടാനും നന്നായി കളിക്കാനും മത്സരങ്ങളും ജയിക്കാനും നല്ല ആഗ്രഹമുണ്ടെന്നു എനിക്ക് തീർച്ചയാണ്‌. അവൻ കൂടുതൽ നിരാശനാണെന്നു തീർച്ചയാണ്. എല്ലാ താരങ്ങളും മെച്ചപ്പെടേണ്ടതുണ്ട്. ടീം മൊത്തം മെച്ചപ്പെടേണ്ടതുണ്ട്.”

“ഇതു വെറും തുടക്കം മാത്രമാണ്. ഞങ്ങൾ മൂന്നു ദിവസം മുൻപ് മാത്രമാണ് ഇവിടെയെത്തുന്നത്. എനിക്ക് തോന്നുന്നത് രണ്ടാം പകുതിയിൽ ഞങ്ങൾ ഗോൾ നേടാവുന്ന കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്നാണ്. ഗോൾ നേടാനാവാഞ്ഞതും മൂന്നു പോയിന്റ് നേടാനാവാഞ്ഞതും ഞങ്ങളുടെ നിർഭാഗ്യം കൊണ്ടു മാത്രമാണ്. ” പൊചെട്ടിനോ പറഞ്ഞു.

You Might Also Like