അടുത്ത സീസണില്‍ ലക്ഷ്യം ഐഎസ്എല്‍ കിരീടമല്ല, തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് കോച്ച്

കേരള ബ്ലാസ്റ്റേഴ്‌സിനെ ഈ വരുന്ന സീസണില്‍ തന്നെ ഐ എസ് എല്‍ ചാമ്പ്യന്മാരാക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് പരിശീലകന്‍ കിബു വികൂന. ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വികൂന ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി പ്ലേ ഓഫ് കാണാത്ത ബ്ലാസ്റ്റേഴ്‌സിനെ ആദ്യ നാലിലെത്തിക്കുക എന്നതാണ് ഈ സീസണില്‍ താന്‍ ലക്ഷ്യം വെക്കുന്നതെന്ന് വികൂന പറയുന്നു.

ഐഎസ്എല്‍ വലിയ വെല്ലുവിളിയാണെന്ന് പറയുന്ന വികൂന ആദ്യ നാലില്‍ ഫിനിഷ് ചെയ്ത് പ്ലേ ഓഫ് ഉറപ്പിക്കുക പോലും എളുപ്പമല്ല എന്നും കൂട്ടിചേര്‍ത്തു.

അവസാന രണ്ടു സീസണുകളില്‍ ഒമ്പതാം സ്ഥാനത്തും ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്ത് ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവരെ മികച്ച ടീമാക്കി മാറ്റല്‍ ആണ് ആദ്യ ലക്ഷ്യം. തന്റെ ടാക്ടിക്‌സിലേക്ക് കൊണ്ടു വന്നാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാകും എന്നും കിബു വികൂന പറയുന്നു. രണ്ട് വര്‍ഷത്തെ പദ്ധതിയാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി താന്‍ ഒരുക്കിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തും മുമ്പ് മറ്റൊരു ഐഎസ്എല്‍ ക്ലബും തനിക്കായി രംഗത്തെത്തിയിരുന്നതായി കിബു വികൂന വെളിപ്പെടുത്തി. മോഹന്‍ ബഗാന്‍ വിടുമെന്ന് ഉറപ്പായപ്പോള്‍ തന്നെ തേടി എഫ് സി ഗോവയാണ് ആദ്യമായി രംഗത്തെത്തിയതെന്നാണ് വികൂന വെളിപ്പെടുത്തിയത്.

എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫര്‍ വന്നപ്പോള്‍ ഇവിടേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു എന്നും വികൂന പറഞ്ഞു. ഗോവയ്ക്ക് ഒപ്പം എ എഫ് സി ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ അവസരം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ആണ് ശരിയായ പ്രൊജക്ട് ആയി തനിക്ക് തോന്നിയത് എന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സില്‍ മികച്ച ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട് എന്നും പ്ലേ ഓഫാണ് ആദ്യ സീസണില്‍ തന്റെ ലക്ഷ്യം എന്നും വികൂന പറഞ്ഞു.

You Might Also Like