ജഡേജയല്ല, ഇന്ന് ഓസീസ് പേടിക്കേണ്ടത് ഈ താരത്തെ. സാധ്യതാ ടീം ഇങ്ങനെ

Image 3
CricketTeam India

ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിനായി ടീം ഇന്ത്യ സജ്ജമായി. ആദ്യ ടി20 മത്സരം അനായാസം ജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.40ന് സിഡ്‌നിയിലാണ് മത്സരം.

ആദ്യ മത്സരം അനായാസം ജയിച്ചെങ്കിലും ഇന്നത്തെ മത്സരത്തിൽ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുക. ബൗൺസർ ഹെല്മറ്റിൽ കൊണ്ട് പരിക്കേറ്റ രവീന്ദ്ര ജഡേജ കളിക്കില്ലെന് ഉറപ്പാണ്. ജഡേജയുടെ പകരക്കാരന്‍ ആരായിരിക്കുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. കഴിഞ്ഞ കളിയിൽ മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ച സഞ്ജു സാംസണ്‍ ഇന്ന് കളിക്കുമോ എന്നും ആരാധകർക്ക് ആകാംഷയുണ്ട്. ടി നടരാജനൊപ്പം ജസ്പ്രീത് ബുമ്രയെ കളിപ്പിക്കാൻ തീരുമാനിച്ചാൽ രണ്ട് യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റുകൾ ഇന്ത്യൻ ബൗളിങ്ങിന് കരുത്താകും.

രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ.

ഓപ്പണിങ് കൂട്ടുകെട്ട്

ഓപ്പണറായി കെ എല്‍ രാഹുല്‍ തുടരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ രാഹുൽ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും ശിഖര്‍ ധവാന്‍ തുടരും. ഐപിഎല്ലിൽ മിന്നും ഫോമിലായിരുന്നു ധവാന്റെ പരിചയസമ്പത്തിൽ കോഹ്ലി വിശ്വാസമർപ്പിക്കാനാണ് സാധ്യത.

മധ്യനിര

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും, നാലാം നമ്പറിൽ സഞ്ജു സാംസണും എത്തും. ആദ്യ മത്സരത്തില്‍ വലിയ സ്‌കോർ കണ്ടെത്താനായില്ലെങ്കിലും മികച്ച താളത്തിലാണ് സഞ്ജു ബാറ്റ് വീശിയത്.

അഞ്ചാമനായി ശ്രേയസ് അയ്യരോ മനീഷ് പാണ്ഡെയോ വരും. കഴിഞ്ഞ കളിയിൽ അവസരം ലഭിച്ച മനീഷ് പാണ്ഡെക്ക് പകരം ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കാനുള്ള സാധ്യത കൂടുതലാണ്.

ജഡേജയുടെ അഭാവത്തിൽ ഫിനിഷർ റോളിൽ ഹർദിക് പാണ്ഡ്യക്ക് അധികഭാരം ഏൽക്കേണ്ടിവരും. ആറാമനായി ഹർദിക് ബാറ്റേന്തും. ജഡേജയുടെ അഭാവത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ഏഴാം നമ്പറിൽ കളിപ്പിക്കാൻ കോഹ്ലി നിർബന്ധിതനാവും. ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും മികച്ച ഇക്കോണമിയില്‍ സുന്ദര്‍ പന്തെറിഞ്ഞിരുന്നു.

ബൗളർമാർ

പരിക്കേറ്റ ജഡേജയ്ക്കു പകരം കണ്‍കഷൻ സബ്സ്റ്റിറ്റിയൂട്ടായി എത്തി കളിയിലെ കേമനായ ചാഹല്‍ ഇന്ന് അന്തിമ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷ. അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റുകളുമായി ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തിന്റെ ചുക്കാൻ പിടിച്ച ടി നടരാജന്‍ ഇന്നും പന്തെറിയും. ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്രയായിരിക്കും ഇന്ന് നടരാജനൊപ്പം പന്തെറിയുക.

ആദ്യ മത്സരത്തിൽ തിളങ്ങാത്ത മുഹമ്മദ് ഷമി ആയിരിക്കും അങ്ങനെയെങ്കിൽ പുറത്തുപോവുക. ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് ദീപക് ചഹാറിനെ ഷമിക്ക് പകരം കോഹ്ലി ടീമിൽ നിലനിർത്താനാണ് സാധ്യത.

സാധ്യതാ ടീം

കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സഞ്ജു സാംസൻ, ശ്രേയസ് അയ്യർ/ മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, യൂസവേന്ദ്ര ചാഹല്‍, ടി നടരാജന്‍, ജസ്പ്രീത് ബുമ്ര, ദീപക് ചഹാർ/ മുഹമ്മദ് ഷമി