ഓസീസില്‍ അമ്പരപ്പിക്കാന്‍ ഈ താരങ്ങള്‍, കൂട്ടത്തില്‍ സഞ്ജുവും

ഓസ്ട്രേലിയ പരമ്പരയില്‍ മിന്നുന്ന പ്രകടനത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. മൂന്നു വീതം ഏകദിന, ടി20 പരമ്പരകളും നാല് ടെസ്റ്റ് പരമ്പരയുമാണ് ഓസ്ട്രേലിയയില്‍ ഇന്ത്യ കളിക്കുന്നത്. ഈ മാസം 27നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇതിനു ശേഷമായിരിക്കും മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര.
വിരാട് കോഹ്ലിക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ഓസ്ട്രേലിയയില്‍ ഇന്ത്യ അണിനിരത്തുന്നത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയൊഴികെയുള്ള പ്രധാനപ്പെട്ട താരങ്ങളെല്ലാം നിശ്ചിത ഓവര്‍ പരമ്പരയിലുണ്ട്. ചില ഇന്ത്യന്‍ താരങ്ങള്‍ ഈ പരമ്പരയില്‍ നിങ്ങള്‍ക്കു സര്‍പ്രൈസ് നല്‍കിയേക്കാം. ആരൊക്കെയാണ് ഇവരെന്നു നോക്കാം.
ടി നടരാജന്‍
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനു വേണ്ടി മിന്നുന്ന പ്രകടനത്തിലൂടെ താര പദവിയിലേക്കുയര്‍ന്ന തമിഴ്നാട്ടുകാരനായ പേസര്‍ ടി നടരാജന്റെ അരങ്ങേറ്റ പരമ്പര കൂടിയാണ് ഓസീസിനെതിരേയുള്ളത്. ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് നടരാജനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എസ്ആര്‍എച്ചിനായി 16 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. യോര്‍ക്കറുകള്‍ എറിയാനുള്ള അസാധാരണമായ മിടുക്കാണ് നടരാജനെ മറ്റു ബൗളര്‍മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ഐപിഎല്ലില്‍ ഏറ്റവുമധികം യോര്‍ക്കറുകള്‍ എറിഞ്ഞതും അദ്ദേഹമായിരുന്നു. ഡെത്ത് ഓവറുകളില്‍ ആശ്രയിക്കാവുന്ന ബൗളര്‍ കൂടിയാണ് നടരാജന്‍.
മായങ്ക് അഗര്‍വാള്‍
ഇന്ത്യയുടെ ടെസ്റ്റ് ടീം ഓപ്പണറായ മായങ്ക് അഗര്‍വാള്‍ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. ടെസ്റ്റ് മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തിരുന്നു. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഓസീസിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ മായങ്ക് തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ഉണ്ടായേക്കും. രോഹിത്തിന്റെ അഭാവത്തില്‍ ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരിലൊരാളുടെ ഓപ്പണിങ് പങ്കാളിയായി മായങ്ക് കളിക്കാനാണ് സാധ്യത.
കരിയറില്‍ ഇതിനകെ 147 ടി20കള്‍ ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 134.74 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ മായങ്ക് 3393 റണ്‍സും നേടി.
നവദീപ് സെയ്നി
ഡല്‍ഹിയില്‍ നിന്നുള്ള പേസറായ നവദീപ് സെയ്നി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍സിബിയുടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയുടെ വിശ്വസ്തനായ ബൗളര്‍ കൂടിയായിരുന്നു സെയ്നി.
ആഭ്യന്തര ക്രിക്കറ്റില്‍ 58 മല്‍സരങ്ങളില്‍ നിന്നും 49 വിക്കറ്റുകള്‍ സെയ്നി വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 10 ടി20കളിലാണ് പേസര്‍ ഇതുവരെ കളിച്ചത്. 7.14 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകളും സെയ്നി വീഴ്ത്തി. ഓസീസിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് സെയ്നി.
സഞ്ജു സാംസണ്‍
കേരളത്തിന്റെ പ്രിയ താരം സഞ്ജു സാംസണ്‍ ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തിലുണ്ട്. നേരത്തേ ടി20 ടീമില്‍ മാത്രമേ സഞ്ജു ഉള്‍പ്പെട്ടിരുന്നുള്ളൂ. പിന്നീട് ടീമിനെ പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ ഏകദിനത്തിലും മലയാളി താരം ഇടം പിടിക്കുകയായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറായാണ് രണ്ടു ടീമുകളിലും സഞ്ജു ഇടം പിടിച്ചത്.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സെടുത്ത താരം കൂടിയായിരുന്നു സഞ്ജു. മാത്രമല്ല സിക്സര്‍ വേട്ടടയില്‍ രണ്ടാംസ്ഥാനത്തും താരം ഫിനിഷ് ചെയ്തിരുന്നു. കേരളത്തിനായി 163 ടി20കളില്‍ കളിച്ചു കഴിഞ്ഞ സഞ്ജു 3856 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 102 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അതേസമയം, ഇന്ത്യക്കു വേണ്ടി ടി20യില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. നാലു മല്‍സരങ്ങളില്‍ നിന്നും നേടാനായത് വെറും 35 റണ്‍സാണ്. ഇത്തവണ ഓസ്ട്രേലിയില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനായിരിക്കും താരത്തിന്റെ ശ്രമം.
വാഷിങ്ടണ്‍ സുന്ദര്‍
2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ കണ്ടെത്തലായിരുന്നു സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍. പിന്നീട് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ടീമിനു വേണ്ടിയും താരം മികച്ച പ്രകടനങ്ങള്‍ നടത്തി. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി എട്ടു വിക്കറ്റുകളും 111 റണ്‍സും സുന്ദര്‍ നേടിയിരുന്നു. 6.93 എന്ന മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാനും ചതാരത്തിനു സാധിച്ചു.
ടി20 ക്രിക്കറ്റിന് ഏറ്റവും അനുയോജ്യനായ താരം കൂടിയാണ് സുന്ദര്‍. ഓസ്ട്രേലിയയിലെ പിച്ചുകളില്‍ താരത്തിന് തന്റെ മികവ് പുറത്തെടുക്കാന്‍ കഴിയുമോയെന്നതാണ് ചോദ്യം. ആര്‍സിബിയില്‍ കോലിയുടെ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ ആയതിനാല്‍ തന്നെ ഓസീസിനെതിരായ ടി20 പരമ്പരയില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.