അക്കാര്യം ചെയ്യാന്‍ താരങ്ങള്‍ വിസമ്മതിച്ചു, ഐപിഎല്ലിന് തിരിച്ചടിയായത് താരങ്ങളുടെ ഗുരുതര ‘മണ്ടത്തരം’

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണല്ലോ. ബയോ ബബിളും ഭേദിച്ച് താരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും എല്ലാം കോവിഡ് ബാധിച്ചതാണ് ഐപിഎല്‍ പാതിവഴിയല്‍ നിര്‍ത്തവെക്കാന്‍ കാരണമായത്.

എന്നാല്‍ താരങ്ങളുടെ തെറ്റായ ചില തീരുമാനങ്ങളാണ് ഐപിഎല്‍ പാതിവഴിയില്‍ റദ്ദാക്കാന്‍ കാരണമായത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ താരങ്ങള്‍ക്കു വാക്സിനെടുക്കാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ അവര്‍ അതു നിരസിക്കുകയായിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിനെടുക്കാനുള്ള മടിയും അവബോധത്തിന്റെ അഭാവവുമാവാം ഇതിനു കാരണങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് വാക്സിന്‍ വാഗ്ദാനം ചെയ്തപ്പോള്‍ കളിക്കാര്‍ വിമുഖത കാണിക്കുകയായിരുന്നു. അത് അവരുടെ തെറ്റല്ല, അവബോധത്തിന്റെ അഭാവമാണ്. തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ബബ്ളിനകത്ത് സുരക്ഷിതരാണെന്നും വാക്സിനെടുക്കേണ്ട കാര്യമില്ലെന്നും അവര്‍ കരുതി. ഫ്രാഞ്ചൈസികളും അതിനു വേണ്ടി മുന്നോട്ടു വന്നില്ല. പിന്നീട് വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. വിദേശികള്‍, പ്രത്യേകിച്ചും സപ്പോര്‍ട്ട് സ്റ്റാഫുമാരിലെ പല അംഗങ്ങളും വാക്സിനെടുക്കാന്‍ തയ്യാറായിരുന്നു. പക്ഷെ അവര്‍ക്കു വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഫ്രാഞ്ചൈസികളും ഇക്കാര്യത്തില്‍ അനുമതി നല്‍കിയില്ലെന്നും ചില ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഈ മാസം നാലിനായിരുന്നു ബിസിസിഐ ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിതമായി നീട്ടി വച്ചത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു ടൂര്‍ണമെന്റിനു ആദ്യ പ്രഹരമേറ്റത്.

പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്സിലെ മൂന്നു സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും ഫലം പോസിറ്റീവായി. തൊട്ടടുത്ത ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികളിലെ ഓരോ താരങ്ങള്‍ക്കും കൊവിഡ് പിടിപെട്ടതോടെ ബിസിസിഐ അടിയന്തര യോഗം ചേര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയുള്ള യാത്രയാവാം വൈറസ് ബാധയുണ്ടാവാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്‍ മൂന്നു വേദികളിലായിട്ടായിരുന്നു സംഘടിപ്പിച്ചത്. ടീം ബസിലായിരുന്നു താരങ്ങള്‍ ഇവിടേക്കു യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത്തവണ ആറു വേദികളിലായിട്ടായിരുന്നു മല്‍സരങ്ങള്‍. ഇതേ തുടര്‍ന്നു ഒരു വേദിയില്‍ നിന്നും മറ്റൊരു വേദിയിലേക്കു ചാര്‍ട്ടേഡ് വിമാനങ്ങളിലായിരുന്നു ടീമുകളുടെ യാത്ര.

ഈ സീസണിലെ ഐപിഎല്ലില്‍ 29 മല്‍സരങ്ങള്‍ മാത്രമേ ഇതിനകം പൂര്‍ത്തിയായിട്ടുള്ളൂ. ഇനി 31 മല്‍സരങ്ങള്‍ അവശേഷിക്കുന്നുണ്ട്.

You Might Also Like