ബെയ്‌ലിന്റെ ജേഴ്‌സി നമ്പറിനായി റയലിൽ പോര്, ഒടുവിൽ ആരാധകരുടെ പ്രിയതാരം അതു സ്വന്തമാക്കി

Image 3
FeaturedFootballLa Liga

വെയിൽസ് സൂപ്പർതാരം ഗാരെത് ബെയ്‌ൽ റയൽ മാഡ്രിഡ് വിട്ട് ടോട്ടനം ഹോട്സ്പറിലേക്കു ചേക്കറിയിരിക്കുകയാണ്. എന്നാൽ താരം റയൽ മാഡ്രിഡ്‌ വിടുന്നതിനു മുൻപു തന്നെ ബെയ്ൽ പതിനൊന്നാം നമ്പർ ജേഴ്സി റയൽ കൈമാറിയിരുന്നു.സ്പാനിഷ് മാധ്യമം മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ബേലിന്റെ ജേഴ്സിക്കായി റയലിൽ വലിയൊരു മത്സരം തന്നെ താരങ്ങൾ തമ്മിൽ നടന്നിരുന്നു.

ഒടുവിൽ സ്പാനിഷ് താരം അസെൻസിയോയാണ് ഇനി ബേയ്‌ലിന്റെ 11-ാം നമ്പർ ജേഴ്സി അണിയുകയെന്നു തീരുമാനമായിരിക്കുകയാണ്.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അസെൻസിയോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമായും ബ്രസീലിയൻ താരം വിനീഷ്യസും അസെൻസിയോയും തമ്മിലാണ് മത്സരമുണ്ടായിരുന്നത്.ഒടുവിൽ സ്പാനിഷ് താരം അസെൻസിയോ ജേഴ്സി സ്വന്തമാക്കുകയായിരുന്നു.

അസെൻസിയോക്ക് യഥാർത്ഥത്തിൽ താൽപര്യം പത്താം നമ്പർ ജേഴ്സി സ്വന്തമാക്കുന്നതിലായിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഈ നമ്പർ അദ്ദേഹം കൂട്ടിച്ചേർത്തിട്ടുമുണ്ട്. എന്നാൽ സൂപ്പർതാരം ലൂക്കാ മോഡ്രിച്ച് ടീം വിടാതെ അത് അസെൻസിയോക്ക് സ്വന്തമാക്കാൻ സാധിക്കുകയില്ല. ഇരുപതാം നമ്പർ ജേഴ്സിയായിരുന്നു താരം ഇതുവരെ ധരിച്ചിരുന്നത്.

അതേ സമയം ബെയ്ൽ റയൽ വിടുന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുൻപു തന്നെ ജേഴ്സി കൈമാറിയത് മര്യാദ കേടാണെന്ന ആരോപണവും ഉയരുന്നു വന്നിരുന്നു. താരത്തിന്റെ പ്രവൃത്തികളിൽ റയൽ നേതൃത്വത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ടെങ്കിലും ക്ലബിനെ നിരവധി കിരീടങ്ങളിലേക്കു നയിച്ച താരത്തോടു കാണിച്ചത് നീതികേടായിട്ടാണ് ഫുട്ബോൾ നിരൂപകർ വിലയിരുത്തുന്നത്.