ലോകകപ്പ് നേടാമായിരുന്ന അവസരം നിരസിച്ചു, ബാഴ്സ താരം പ്യാനിച്ച് മനസു തുറക്കുന്നു

Image 3
FeaturedFootballInternational

ഏതൊരു ഫുട്ബോൾ  താരത്തിന്റെയും സ്വപ്നമാണ്  ലോകകപ്പ് കിരീടം സ്വന്തമാക്കുകയെന്നത്. എന്നാൽ അത്തരമൊരു അവസരത്തെ ഒഴിവാക്കികളഞ്ഞതിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് ബാഴ്സ താരം മിറാലം പ്യാനിച്ച്. നിലവിൽ ബോസ്നിയ-ഹെർസെഗോവിനക്ക്  വേണ്ടി കളിക്കുന്ന  താരത്തെ ഒരിക്കൽ ഫ്രാൻസിനു വേണ്ടി കളിക്കാൻ ക്ഷണിച്ചിരുന്നുവെന്നാണ് പ്യാനിച്ച് വെളിപ്പെടുത്തിയത്.

ഫ്രഞ്ച് ക്ലബ്ബായ  ലിയോണിന് വേണ്ടി കളിച്ചിരുന്ന കാലത്താണ്  അന്നത്തെ ഫ്രഞ്ച് ടീം പരിശീലകനായിരുന്ന റയ്‌മണ്ട്  ഡോമനെഷ് പ്യാനിച്ചിന് ഈ അവസരം വെച്ചു നീട്ടിയത്. എന്നാൽ പ്യാനിച് ഈ അവസരം സ്വന്തം രാജ്യമായ  ബോസ്നിയക്ക് വേണ്ടി കളിക്കാനുള്ള അതിയായ ആഗ്രഹത്താൽ നിരസിക്കുകയായിരുന്നു. ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസിനു നൽകിയ അഭിമുഖത്തിലാണ് പ്യാനിച് ഈ അസുലഭ അവസരത്തേക്കുറിച്ച് മനസു തുറന്നത്.

“ശരിയാണ്, ലിയോണിലേക്ക് വന്നതിനു ശേഷം എനിക്ക് വേണമെങ്കിൽ ഫ്രാൻസ് ടീമിനു വേണ്ടി കളിക്കാമായിരുന്നു. പക്ഷെ അതിനു കുറച്ചു ദിവസങ്ങൾക്കു മുൻപു തന്നെ എന്റെ സ്വപ്നം ബോസ്നിയക്ക് വേണ്ടി കളിക്കുകയാണെന്നു പറഞ്ഞിരുന്നു. ഡോമെനെഷ് എന്നെ വിളിച്ചിരുന്നു. പക്ഷെ ഞാൻ അതിനകം തന്നെ മനസിലുറപ്പിച്ചിരുന്നു. വിളിച്ചതിനു ഞാൻ അദ്ദേഹത്തോട് നന്ദി അറിയിച്ചിരുന്നു. “

“ഞാൻ യഥാർത്ഥ്യത്തെയാണ് തിരഞ്ഞെടുത്തത്. ആ സമയത്ത് ഫ്രാൻസിലേക്ക് ക്ഷണിക്കുകയെന്നത് എന്നെ സംബന്ധിച്ചു വലിയ അവസരമായിരുന്നു. പോയിരുന്നെങ്കിൽ അതെന്റെ ഹൃദയത്തിൽ വലിയ മുറിവുണ്ടാക്കുമായിരുന്നു. കാരണം അപ്പുറത്തു ബോസ്നിയക്ക് തങ്ങളുടെ താരം ഫ്രാൻ‌സിൽ കളിക്കുന്നത് നോക്കി നിൽക്കേണ്ടി വന്നേനെ. ” പ്യാനിച്ച് മനസു തുറന്നു.