സുവാരസ് വന്നില്ലെങ്കിൽ മറ്റൊരു സൂപ്പർ താരത്തെ നോട്ടമിട്ട് യുവന്റസ്, വരുന്നത് ഹിഗ്വയ്‌നിന്റെ പകരക്കാരൻ

മെസിക്കൊപ്പം ബാഴ്സ വിട്ടേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രധാനിയായിരുന്നു ലൂയിസ് സുവാരസ്. പുതിയ അഭ്യൂഹങ്ങളനുസരിച്ച് സുവാരസ് കൂടുമാറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ് യുവന്റസാണ്. എങ്കിലും മെസ്സി ക്ലബ്ബിൽ തുടരാൻ തീരുമാനിച്ച ഈ സാഹചര്യത്തിൽ സുവാരസ് തീരുമാനം മാറ്റിയേക്കുമെന്നും റിപ്പോർട്ടുകൾ സജീവമാണ്. അങ്ങനെ ബാഴ്സയിൽ തന്നെ തുടരുകയാണെങ്കിൽ പകരക്കാരനെ നോട്ടമിട്ടിരിക്കുകയാണ് യുവന്റസ്‌.

മുൻ യുവന്റസ് താരവും പിർലോയുടെ സഹതാരവുമായിരുന്ന സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ മൊറാട്ടയെയാണ് പിർലോ നോട്ടമിട്ടിരിക്കുന്നത്. നിലവിൽ അത്ലറ്റികോ മാഡ്രിഡിന്റെ താരമായ മൊറാട്ടയെ ക്ലബ് വിടുന്ന ഹിഗ്വയ്‌ന്റെ പകരക്കാരനായാണ് കൊണ്ടുവരുന്നത്. 2014 മുതൽ 2016വരെ യുവന്റസിൽ കളിച്ച താരമാണ് മൊറാട്ട. ആ കാലയളവിൽ മൊറാട്ട യുവന്റസിനായി 93 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിരുന്നു.

2014-ൽ റയൽ മാഡ്രിഡിൽ നിന്ന് 15.8 മില്യൺ പൗണ്ടിനായിരുന്നു താരം യുവന്റസിലേക്ക് ചേക്കേറിയത്. രണ്ട് വർഷക്കാലം യുവന്റസിൽ ചിലവഴിച്ച താരം രണ്ട് സിരി എ കിരീടം ടീമിന് നേടികൊടുക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ യുവന്റസിനെ എത്തിക്കുന്നതിലും മൊറാട്ടയുടെ പങ്കു വലുതായിരുന്നു.

പിന്നീട് റയൽ മാഡ്രിഡിലേക്ക് മടങ്ങിയ താരം ചെൽസിയിലും ഒടുവിൽ അത്ലറ്റികോ മാഡ്രിഡിലും എത്തിച്ചേരുകയായിരുന്നു. നിലവിൽ 2023 വരെ അത്ലറ്റികോ മാഡ്രിഡുമായി മൊറാട്ടക്ക് കരാറുണ്ട്. നിലവിൽ 61 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും താരം അത്ലറ്റികോ മാഡ്രിഡിനായി നേടിയിട്ടുണ്ട്. സുവാരസ് യുവന്റസിന്റെ ഓഫർ നിരസിച്ചാൽ മൊറാട്ടയെ ടീമിൽ എത്തിക്കാനാണ് പിർലോയുടെ പദ്ധതി.

You Might Also Like