മൊറാട്ടയുടെ ആ പിഴവ് എന്നെ രോഷാകുലനാക്കി, സമനിലയിൽ മൊറാട്ടയെ വിമർശിച്ച് പിർലോ

അറ്റലാന്റയുമായി നടന്ന സീരി എ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനു സമനിലത്കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. യുവന്റസിനായി ഫെഡറികോ കിയേസയും അറ്റലാന്റക്കായി ഫ്രെവുലാറും ഗോൾ നേടിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോയുടെ പെനാൽറ്റി മിസ്സും അൽവാരോ മൊറാട്ടയുടെ ബാലിശമായ പിഴവുകളും യുവന്റസിനു മൂന്നു പോയിന്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ പെനാൽറ്റി മിസ്സാക്കി ലീഡ് നേടാനുള്ള സുവർണാവസരം കളഞ്ഞു കുളിച്ചെങ്കിലും പരിശീലകൻ ആന്ദ്രേ പിർലോക്ക് കൂടുതൽ ദേഷ്യം തോന്നിയത് അൽവാരോ മൊറാട്ട തുറന്ന ഗോൾപോസ്റ്റിന് മുന്നിൽ വെച്ച് മികച്ച ഒരവസരം പാഴാക്കിയതിനാണ്. മധ്യനിരയിൽ നിന്നും ബോൾ പിടിച്ചെടുത്തു ക്വാഡ്രാഡോ നൽകിയ ത്രൂ ബോൾ പിടിച്ചെടുത്തു മുന്നേറിയ മൊറാട്ട പാസ്സ് റൊണാൾഡോയ്ക്ക് മറിച്ചു നൽകുകയായിരുന്നു.

എന്നാൽ മുന്നിലേക്ക് കയറിവന്നു ഗോൾകീപ്പർ മുന്നേറ്റത്തെ തടയാൻ ശ്രമിച്ചതോടെ പന്ത് റൊണാൾഡോയുടെ വരുതിയിൽ നിന്നും മൊറാട്ടക്ക് തന്നെ ലഭിക്കുകയായിരുന്നു. എന്നാൽ മൊറാട്ട അവസരം മുതലാക്കുന്നതിനു പകരം ബാക്ക് ഹീലിനു വേണ്ടി ശ്രമിക്കുകയായിരുന്നു. എന്നാൽ പന്ത് തുറന്ന പോസ്റ്റിലേക്ക് പോവാതെ അകന്നു പോവുകയായിരുന്നു. അബദ്ധം മനസിലാക്കിയ മൊറാട്ട ലൈൻ റഫറിയെ നോക്കിയെങ്കിലും ഓഫ്‌സൈഡ് ഫ്ലാഗ് താഴ്ന്നു തന്നെ നിൽക്കുകയായിരുന്നു.

ഈ പിഴവിനെ ചൂണ്ടിക്കാട്ടിയാണ് പിർലോ മത്സരശേഷം മൊറാട്ടയെ വിമർശിച്ചത്. ” മൊറാട്ടയുടെ ആ പിഴവ് എന്നെ വളരെ രോഷാകുലനാക്കി. ഇത് ഞങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഈ അവസരങ്ങൾ ഒരു പക്ഷെ മത്സരത്തെ മറ്റൊരു ഗതിയിലേക്ക് മാറ്റിമറിച്ചേനെ. ഒരാൾക്ക് ശരിയായ തീരുമാണെടുക്കാനുള്ള കഴിവാണ് വേണ്ടത്. ആ സമയത്ത് അവനുണ്ടായിരുന്നില്ല. അവൻ മികച്ച മത്സരമാണ് കളിച്ചതെന്നത് മാറ്റി നിർത്തിയാൽ ചില സമയത്ത് ഗോളുകൾ നേടാൻ കഴിയാതെ പോവുന്നത് സംഭവിക്കാവുന്ന കാര്യങ്ങളാണ്. “പിർലോ പറഞ്ഞു

You Might Also Like