ചാമ്പ്യൻസ്‌ലീഗിൽ പിഎസ്‌ജി ദൗത്യം കഠിനമായിരിക്കും, നെയ്മറെ നന്നായറിയാമെന്ന് പിക്വെ

ചാമ്പ്യൻസ്‌ലീഗിൽ യുവന്റസുമായുള്ള മൂന്നു ഗോളിന്റെ തോൽവിക്കു ശേഷം രണ്ടാമതായി ഗ്രൂപ്പിൽ ഫിനിഷ് ചെയ്ത ബാഴ്സക്ക് അടുത്ത റൗണ്ടിൽ കഴിഞ്ഞ സീസണിൽ ഫൈനലിസ്റ്റായ ശക്തരായ പിഎസ്‌ജിയെയാണ് ബാഴ്സക്ക് ലഭിച്ചിരിക്കുന്നത്. ലാലിഗയിൽ മോശം ഫോമിൽ തുടരുന്ന ബാഴ്സക്ക് മികച്ച ഫോമിൽ തുടരുന്ന പിഎസ്‌ജി ഒരു മികച്ച പരീക്ഷണം തന്നെയിരിക്കുമെന്നുറപ്പാണ്. സൂപ്പർതാരമായ നെയ്മർ മാഴ്സെയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റു പുറത്താണെങ്കിലും ജനുവരിയിൽ തന്നെ തിരിച്ചെത്താനാവും.

അത്ലറ്റിക്കോക്കെതിരായ മത്സരത്തിൽ പരിക്കേറ്റു പുറത്തിരിക്കുന്ന ജെറാർഡ് പിക്വെ ചാമ്പ്യൻസ്‌ലീഗിൽ അടുത്ത റൗണ്ടിലേക്ക് പിഎസ്‌ജിയെ ലഭിച്ചതിൽ വാചാലനായാണ് കാണപ്പെട്ടത്. ഒരു കോസ്മോസ് ഈവന്റിൽ പങ്കെടുത്തപ്പോഴാണ് പിഎസ്‌ജിയെ കിട്ടിയതിനെക്കുറിച്ചും തന്റെ പരിക്കിന്റെ നിലവിലെ അവസ്ഥയെകുറിച്ചും പിക്വേ മനസു തുറന്നത്. ഫെബ്രുവരി ആദ്യവാരത്തിലാണ് ആദ്യപാദം നടക്കാനിരിക്കുന്നത്.

” പിഎസ്‌ജിയുമായുള്ള ഈ മത്സരം വളരെയധികം കഠിനമാവാനാണ് സാധ്യത. എനിക്കു നെയ്മറെ നന്നായി അറിയാം. രണ്ടു മാസത്തിനുള്ളിലാണ് ഈ മത്സരമുള്ളത്. ആ സമയത്തിനുള്ളിൽ കാര്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ മത്സരം ആരാധകർക്ക് ഇതൊരു മികച്ച കാഴ്ച തന്നെയായിരിക്കുമെന്നതാണ്.”

തന്റെ സാരമായ പരിക്കിനെക്കുറിച്ചും ശസ്ത്രക്രിയക്ക്‌ വിധേയനായാവാതെ മറ്റു റിക്കവറി മാർഗങ്ങൾക്ക് തിരഞ്ഞെടുത്ത ശേഷമുണ്ടായ പുരോഗതിയെക്കുറിച്ചും പിക്വെ സംസാരിച്ചു: “എനിക്ക് മെച്ചപ്പെട്ടതായാണ് അനുഭവപ്പെട്ടത്. പക്ഷെ കാൽമുട്ടിന്റെ ഈ അവസ്ഥ സ്ഥിരമാണോ അല്ലയോ എന്ന് അടുത്ത ഘട്ടത്തിനു ശേഷമേ പറയാൻ സാധിക്കുകയുള്ളു. ഇപ്പോൾ ഞാൻ കൂടുതൽ മികച്ചതായും ശക്തമായും എനിക്ക് അനുഭവപ്പെടുന്നുണ്ട്. എനിക്ക് വളരെ പെട്ടെന്നു തന്നെ തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.”

You Might Also Like