ബാഴ്സ പ്രസിഡന്റാവുന്നത് എക്കാലത്തെയും സ്വപ്നം, പിക്വേ മനസുതുറക്കുന്നു

ജോസെപ് മരിയ ബർതോമ്യു രാജി വെച്ചതോടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന്റെ തിരഞ്ഞെടുപ്പ് ചൂടിലാണ് നിലവിൽ ബാഴ്സയുള്ളത്. വരുന്ന ജനുവരിയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ബാഴ്സയുടെ സുവർണകാലത്തെ പ്രസിഡന്റായ ജൊവാൻ ലപോർട്ടയുടെ തിരിച്ചു വരവും ഇതിഹാസതാരമായ സാവിയെ പരിശീലകസ്ഥാനത്തേക്ക് മുൻനിർത്തിയുള്ള വിക്ടർ ഫോണ്ടിന്റെ സ്ഥാനാർത്ഥിത്വവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്.

എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഭാവിയിൽ ബാഴ്സയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സ പ്രതിരോധതാരം ജെറാർഡ് പിക്വേ. നിലവിൽ കാൽമുട്ടിനേറ്റ പരിക്കിനെതുടർന്നു കളിക്കളത്തിൽ നിന്നും ജെറാർഡ് പിക്വേക്ക് വിട്ടുനിൽക്കേണ്ടി വന്നിരിക്കുകയാണ്. അത്ലറ്റികോയുമായുള്ള മത്സരത്തിനിടെ ഏയ്ഞ്ചൽ കൊറെയയുമായുള്ള കൂട്ടിയിടിയിലാണ് പിക്വേക്ക് പരിക്കേൽക്കുന്നത്. നാലഞ്ചു മാസമെങ്കിലും താരത്തിനു പുറത്തിരിക്കേണ്ടി വരും.

ബാഴ്സ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് എപ്പോഴും എന്റെ ആഗ്രഹമായിരുന്നുവെന്നാണ് പിക്വേ വെളിപ്പെടുത്തുന്നത്. ക്രിസ്‌ ഫൌണ്ടേഷനിലെ കാൻസർ രോഗമുക്തരായ കുട്ടികളുമായി നടത്തിയ അഭിമുഖത്തിലാണ് പിക്വേ മനസു തുറന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിനാണ് പിക്വേ മറുപടി നൽകിയത്. “ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. കാരണം എനിക്കതിനു കഴിയില്ല. ഞാനിപ്പോഴും കളിക്കാരനാണ്. കളിക്കാരന് പ്രസിഡന്റ് സ്ഥാനത്തേക്ക് നിൽക്കാൻ കഴിയില്ല. ഭാവിയിൽ നടക്കുമോയെന്നറിയില്ല. നിങ്ങൾക്കറിയാം ഞാനൊരു ബാർസ ആരാധകനാണെന്നത്.”

“ഞാൻ വളരെയധികം സ്നേഹിക്കുന്ന എന്റെ ക്ലബ്ബിനെ നല്ല രീതിയിൽ സഹായിക്കുകയെന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. അതു കൊണ്ടു തന്നെ പ്രസിഡന്റാവാൻ നല്ല രീതിയിൽ തന്നെ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഒരിക്കലും എനിക്കും അക്കാര്യത്തിൽ സംഭാവന ചെയ്യാൻ സാധിക്കും. അങ്ങനെ കഴിയില്ലായിരുന്നുവെങ്കിൽ ഞാൻ മുന്നോട്ടു വരില്ലെന്നുറപ്പാണ്. ഇക്കാര്യത്തെക്കുറിച്ച് ഞാൻ ഭാവിയിൽ തീരുമാനമെടുക്കും. ഇതു ഞാൻ എപ്പോഴും മനസിൽ കണ്ടിരുന്ന സ്വപ്നമാണ്. പക്ഷെ ഭാവിയിൽ ഇത് നടക്കുമോയെന്നത് എനിക്കറിയില്ല.” പിക്വേ മറുപടി നൽകി.

You Might Also Like