സ്മിത്തിനായി വാരിക്കുഴി ഒരുക്കണം, തന്ത്രം ഉപദേശിച്ച് ഹര്‍ഭജന്‍ സിംഗ്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം സ്വന്തമാക്കുന്നതില്‍ വന്‍മലപോലെ വിഘാതമായി നിന്നത് സ്റ്റീവ് സ്മിത്തെന്ന ഓസീസ് സൂപ്പര്‍ താരമായിരുന്നു. രണ്ട് ഏകദിനത്തിലും അതിവേഗ സെഞ്ച്വറി നേടിയ സ്മിത്ത് ഇന്ത്യയുടെ ശവക്കുഴി തോണ്ടുകയായിരുന്നു. ഇതോടെ വൈറ്റ് വാഷ് എന്ന നാണക്കേടിലാണ് ടീം ഇന്ത്യ.

എന്നാല്‍ മൂന്നാം ഏകദിനത്തില്‍ സ്മിത്തിനെ പിടിച്ചുകെട്ടാനുളള തന്ത്രം ഉപദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.

‘സ്പിന്നര്‍മാര്‍ക്കെതിരെ സ്മിത്ത് പതറാറുണ്ട്. ഇത് ഇന്ത്യ മുതലെടുക്കണം. ചഹല്‍ അല്ലെങ്കില്‍ കുല്‍ദീപ് വരുന്നു. സ്മിത്ത് ക്രീസിലേക്ക് എത്തി കഴിയുമ്പോള്‍ 7-8 ഓവര്‍ ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് നല്‍കണം. ബാറ്റിലെ പേസ് ഇഷ്ടപ്പെടുന്ന കളിക്കാരനാണ് സ്മിത്ത്. അത് നല്‍കരുത്. അങ്ങനെ വന്നാല്‍ സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞേക്കും’ ഹര്‍ഭജന്‍ പറഞ്ഞു.

ചഹലിനെയാണ് ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ ഇറക്കിയത്. എന്നാല്‍ സിഡ്നിയില്‍ അല്‍പ്പമെങ്കിലും സാധ്യത ലഭിക്കുമായിരുന്നത് സ്പിന്നര്‍മാര്‍ക്കായിരുന്നെങ്കിലും ചഹല്‍ പാടെ നിരാശപ്പെടുത്തി. മൂന്നാം ഏകദിനത്തില്‍ ഇത് കുല്‍ദീപിനെ പരീക്ഷിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചേക്കും.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ സ്ഥിരത കണ്ടെത്താനാവാതെ സ്മിത്ത് വലഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്റെ താളം തിരികെ കിട്ടിയതായി സ്മിത്ത് പറഞ്ഞു. പിന്നാലെ രണ്ട് ഏകദിനത്തിലും തുടരെ സെഞ്ച്വറി നേടി ഞെട്ടിക്കുകയും ചെയ്തു.

You Might Also Like