പെനാൽറ്റിക്കായി വീഴുന്ന നെയ്മർ ഒരു കോമാളിയാണ്, നെയ്മറിനെ പരിഹസിച്ച് പെറു പ്രതിരോധതാരം

Image 3
FeaturedFootballInternational

അടുത്തിടെ പെറുവിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വലിയ വിജയം നേടാൻ ബ്രസീലിനു സാധിച്ചിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീൽ പെറുവിനെ തകർത്തത്. മത്സരത്തിൽ ഹാട്രിക് നേട്ടത്തോടെ താരമായത് നെയ്മർ ജൂനിയറായിരുന്നു. നെയ്മറിന്റെ മൂന്നു ഗോളുകളിൽ രണ്ടു ഗോളുകൾ പെനാൽറ്റികളായിരുന്നു.

എന്നാൽ ആ മത്സരത്തിലെ നെയ്മറിന്റെ പ്രകടനത്തെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പെറുവിന്റെ പ്രതിരോധതാരമായ കാർലോസ് സാംബ്രാനോ. നെയ്മർ ഒരു മികച്ച താരമാണെങ്കിലും ഒരു കോമാളിയാണെന്നാണ് അദ്ദേഹം പരിഹാസത്തോടെ അഭിപ്രായപ്പെട്ടത്. ഫൗളുകൾക്ക് വേണ്ടി വീഴാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ലാറ്റിൻ അമേരിക്കൻ ടീവി പ്രോഗ്രാമായ ലാ ബാൻഡ ഡെൽ ചിനോയിലാണ് താരം ഇത്തരത്തിൽ പ്രസ്താവനയിറക്കിയത്.

“സത്യത്തിൽ അദ്ദേഹം ഒരു മികച്ച താരമൊക്കെ തന്നെയാണ്. ലോകത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒരാൾ. എന്നാൽ എനിക്ക് അദ്ദേഹം വെറും കോമാളി മാത്രമാണ്. അദ്ദേഹം എന്താണ് കളിക്കളത്തിൽ കാണിക്കുന്നതെന്നു അദ്ദേഹത്തിനു നല്ല ബോധ്യമുണ്ട്. അദ്ദേഹമൊരു മികച്ചത്തരമാണെങ്കിലും എപ്പോഴും ചെറിയ ഫൗളുകൾക്ക് വേണ്ടി ശ്രമിക്കുന്നതായി കാണാം. “

“പെനാൽറ്റി ബോക്സിലെത്തിയാൽ നാലഞ്ചു വട്ടം അദ്ദേഹം ബോക്സിൽ വീഴും. എന്നിട്ട് പെനാൽറ്റി കിട്ടുമോയെന്നു നോക്കും. അവസാനം അദ്ദേഹം ആ ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്തു. അർഹമല്ലാത്ത രണ്ടു പെനാൽറ്റികൾ ഗോളിലെത്തിച്ചു. ഇത് ബ്രസീലാണ്. ഒന്ന് തൊട്ടാൽ അപ്പോൾ തന്നെ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ ശ്രമമെന്ന് പോലും നോക്കാതെ അവർ വിഡിയോ റഫറിയിങ്ങിനു ശ്രമിക്കും. അവർ ബ്രസീലുകാരാണ് അവർ അങ്ങനെയാണ്.” സാംബ്രാനോ കുറ്റപ്പെടുത്തി.