ഈ വർഷത്തെ ഏറ്റവും മികച്ച ത്രില്ലർ; കോപ്പ അമേരിക്കയിൽ ഇന്നലെ സംഭവിച്ചത്

Image 3
Copa America

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ പെറുവും പരാഗ്വേയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിറന്നത് ഈ വർഷത്തെ ഏറ്റവും മികച്ച ത്രില്ലർ. ടീമിന്റെ നെടുംതൂണായ ന്യൂകാസിൽ താരം മിഗ്വേൽ ആൽമിരോൺ ഇല്ലാതെ ഇറങ്ങിയ പരാഗ്വേ, കഴിഞ്ഞതവണത്തെ ഫൈനലിസ്റ്റുകളായ പെറുവിനെ ഞെട്ടിച്ചാണ് കീഴടങ്ങിയത്.

മത്സരത്തിന്റെ 11ആം മിനിറ്റിൽ തന്നെ പെറുവിനെ ഞെട്ടിച്ച് പരാഗ്വേയുടെ ഗോൾ പിറന്നു. കോർണറിൽ നിന്നും കൈവന്ന അവസരം മുതലെടുത്ത് ഗുസ്താവോ ഗോമസ് ആണ് പെറുവിന്റെ വലകുലുക്കിയത്. പത്തുമിനിറ്റിനകം പെറു സമനില ഗോൾ കണ്ടെത്തിയതോടെ വരാനിരിക്കുന്ന ത്രില്ലറിനെ കുറിച്ചുള്ള സൂചനയായി അത്.
ജിയാലുങ്ക ലാപഡുലയിലൂടെ പെറു സമനില ഗോൾ നേടിയതോടെ മത്സരത്തിൽ പതിയെ ആധിപത്യം ഉറപ്പിക്കാനായി ഹോസെ പെക്കർമാന്റെ നീക്കങ്ങൾ. ഇതിന്റെ ഫലമായി 40ആം മിനിറ്റിൽ ഒന്നാം ഗോൾ നേടിയ ജിയാലുങ്ക ലാപഡുലയിലൂടെ തന്നെ പെറു രണ്ടാ൦ ഗോളും കണ്ടെത്തി. ഇതിനിടെ മത്സരം കടുത്ത പരുക്കൻ അടവുകളിലേക്ക് നീങ്ങുകയും ചെയ്തു.

ഒന്നാം പകുതിയുടെ അവസാന മിനിറ്റിൽ ഗുസ്താവോ ഗോമസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പരാഗ്വേ പത്തുപേരുമായി രണ്ടാ൦ പകുതി പൂർത്തിയാക്കേണ്ടി വരുമെന്നുറപ്പായി. എന്നാൽ, കൂടുതൽ പോരാട്ടവീര്യവുമായി എത്തിയ പരാഗ്വേ 54ആം മിനിറ്റിൽ സമനില നേടി. കോർണറിലൂടെ ലഭിച്ച അവസരം മുതലാക്കി ജൂനിയർ അലോൺസോയാണ് ഗോൾ നേടിയത്.

80ആം മിനിറ്റിൽ പെറു വീണ്ടും ലീഡ് നേടിയതോടെ മത്സരം പരാഗ്വെക്ക് നഷ്ടമായെന്ന് ഏവരും ഉറപ്പിച്ചു. ആന്ദ്ര കറില്ലോയുടെ പാസ് പിടിച്ചെടുത്ത യോഷിമർ ആണ് പെറുവിനായി നിറയൊഴിച്ചത്. എന്നാൽ നാല് മിനിറ്റിനകം പെറുവും പത്തുപേരായി ചുരുങ്ങി. പെറുവിന്റെ താരം ആന്ദ്ര കറില്ലോയ്ക്കാണ് ഇത്തവണ ചുവപ്പ് കാർഡ് ലഭിച്ചത്.

തുടർന്ന് ഉണർന്നു കളിച്ച പരാഗ്വേ 90ആം മിനിറ്റിൽ ഗബ്രിയേൽ അലവോസിലൂടെ ഒരിക്കൽ കൂടി സമനില ഗോൾ കണ്ടെത്തി. പെനാൽട്ടി ബോക്സിലെ കൂട്ടപ്പൊരിച്ചിലാണ് ഗോളിൽ കലാശിച്ചത്. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിലും ഇരുകൂട്ടരും സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.

എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലും സസ്പെൻസുകൾക്ക് അവസാനമില്ലായിരുന്നു. ഷൂട്ടൗട്ടിലും മൂന്ന് വീതം ഗോളുകൾ നേടി ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീണ്ടു. തുടർന്ന് പരാഗ്വേയുടെ പെനാൽറ്റി പെറുവിന്റെ ഗോൾ കീപ്പർ പെഡ്രോ ഗാലസ് തട്ടിയിട്ടതോടെ പെറു സെമി ബർത്ത് ഉറപ്പിച്ചു.

തുടർച്ചയായ നാലാമത്തെ തവണയാണ് പെറു കോപ്പ അമേരിക്ക സെമിഫൈനൽ കളിക്കുന്നത്. സെമിയിൽ ചിലിയെ തോല്പിച്ചെത്തുന്ന ബ്രസീലാണ് പെറുവിന്റെ എതിരാളികൾ.