ഈ വിജയം അവരെനിക്ക് തന്ന മികച്ച പിറന്നാൾ സമ്മാനം, ബാഴ്സയുടെ വിജയത്തേക്കുറിച്ച് കൂമാൻ

Image 3
FeaturedFootballLa Liga

റയൽ സോസിഡാഡിനെതിരായ ലാലിഗ മത്സരത്തിൽ തകർപ്പൻ വിജയം നേടി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് കാറ്റാലൻ വമ്പന്മാരായ ബാഴ്‌സലോണ. ഒന്നിനെതിരെ ആറു ഗോളിന്റെ മിന്നും പ്രകടനമാണ് കൂമാന്റെ ബാഴ്സ കാഴ്ചവെച്ചത്. മത്സരത്തിൽ റൈറ്റ്ബാക്കായ സെർജിനോ ഡെസ്റ്റിന്റെയും ലയണൽ മെസിയുടെയും ഇരട്ട ഗോളുകളും ഡെമ്പെലെയുടെയും പിറന്നാളുകാരൻ അന്റോയിൻ ഗ്രീസ്മാന്റെയും ഗോളുകളാണ് ബാഴ്സക്ക് എപ്പോഴും ശാപമായി നിലകൊണ്ടിരുന്ന സോസിഡാഡിന്റെ അനോവെറ്റ സ്റ്റേഡിയത്തിൽ മികച്ച വിജയം സമ്മാനിച്ചത്.

ഗ്രീസ്മാനൊപ്പം ജോർദി ആൽബയുടെയും പരിശീലകൻ കൂമാന്റെ പിറന്നാൾ ദിനമായിരുന്നു ഈ മത്സരം നടന്നതെന്നതും വിജയത്തിനു കൂടുതൽ മാധുര്യമേകി. പിറന്നാളുകാരൻ ഗ്രീസ്മാൻ ഗോൾ നേടിയപ്പോൾ ജോർദി ആൽബ രണ്ടു അസിസ്റ്റുകളുമായി തിളങ്ങി. ഈ വിജയം തനിക്കു ടീം തന്നെ പിറന്നാൾ സമ്മാനമാണെന്നു കൂമാൻ അഭിപ്രായപ്പെട്ടു. മത്സരശേഷം സംസാരിക്കുകയായിരുന്നു കൂമാൻ.

“എല്ലാ മത്സരവും ബുദ്ദിമുട്ടേറിയതാണ്. ഞങ്ങൾക്കും അത്ലറ്റിക്കോക്കും. കൂടാതെ പിന്നാലെ റയൽ മാഡ്രിഡുമുണ്ട്. ഇത് സീസണിന്റെ അവസാനം എന്തായാലും കൂടുതൽ ആകാംഷാഭരിതമാവാനാണ് സാധ്യത കാണുന്നത്. താരങ്ങളെല്ലാം ഇന്റർനാഷണൽ ബ്രേക്ക്‌ കഴിഞ്ഞു പരിക്കുകളൊന്നും കൂടാതെ തിരിച്ചു വരണമെന്ന് മാത്രമാണ് ഇപ്പോൾ എന്റെ ആഗ്രഹം. അവർ എനിക്ക് ഒരു മികച്ച പിറന്നാൾ സമ്മാനം തന്നിരിക്കുകയാണ്. ഇത് ഗ്രീസ്മാനും ആൽബക്കും കൂടി ഒരു മികച്ച പിറന്നാൾ തന്നെയായി മാറിയിരിക്കുകയാണ്.” കൂമാൻ പറഞ്ഞു.

അഞ്ചു മത്സരങ്ങൾ തുടർച്ചയായി വിജയം നേടിയ ബാഴ്സയാണോ നിലവിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീമെന്ന ചോദ്യത്തിനും കൂമാൻ ഉത്തരം നൽകി. “എനിക്ക് അറിയില്ല. ഞങ്ങൾ ഒരുപാട് മത്സരങ്ങൾ അപരാജിതരായി മുന്നേറിയിട്ടുണ്ട്. പക്ഷെ ഞങ്ങൾ ഇപ്പോഴും അത്ലറ്റിക്കോക്ക് പിറകിലാണ്. അവരും മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് മുന്നേറേണ്ടതുണ്ട്. അവരും അവസാനം വരെ പോരാടുമെന്നുറപ്പാണ്.” കൂമാൻ പറഞ്ഞു.