പെപ്രയടക്കം രണ്ടു താരങ്ങൾ കൂടി തിരിച്ചുവരാനുള്ള കഠിനശ്രമത്തിൽ, പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന്റെ കളി മാറുമോ

Image 3
ISL

ഈ സീസണിന്റെ ആദ്യപകുതി മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനത്തു നിന്നിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ അവിടെ നിന്നും താഴെയിറങ്ങുന്നതാണ് കണ്ടത്. പ്രധാന താരങ്ങളുടെ പരിക്കുകൾ തിരിച്ചടി നൽകിയപ്പോൾ രണ്ടാം പകുതിയിൽ കളിച്ച ആറിൽ അഞ്ചു മത്സരവും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. എഫ്‌സി ഗോവക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ ഫോം ആരാധകർക്ക് നിരാശ നൽകുന്ന ഒന്നാണെങ്കിലും ടീമിന് പ്ലേ ഓഫ് പ്രതീക്ഷ സജീവമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ പ്രധാന താരങ്ങളുടെ പരിക്കാണ് തിരിച്ചടി നൽകുന്നതെങ്കിൽ പ്ലേ ഓഫ് ആരംഭിക്കുമ്പോഴേക്കും അതിൽ മാറ്റമുണ്ടാക്കാനും കഴിയും. അഡ്രിയാൻ ലൂണ, മാർകോ ലെസ്‌കോവിച്ച് എന്നിവരെല്ലാം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷ നൽകി പരിക്കേറ്റ രണ്ടു താരങ്ങൾ ജിം സെഷനും ആരംഭിച്ചിട്ടുണ്ട്. ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാരിൽ ഒരാളായ ക്വാമേ പെപ്ര, സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റു പുറത്തു പോയ ലെഫ്റ്റ് ബാക്കായ ഐബാൻ ഡോഹ്ലിങ് എന്നിവരാണ് സെഷൻ ആരംഭിച്ചിരിക്കുന്നത്. ഇതിൽ ഐബാൻ ഉടനെ തന്നെ പരിശീലനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ടീമിനായി മികച്ച പ്രകടനം നടത്തുന്ന സമയത്താണ് പെപ്രക്ക് പരിക്ക് പറ്റിയത്. ഈ രണ്ടു താരങ്ങളും ഈ സീസണിൽ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും പ്ലേ ഓഫിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുത്താൽ അതിനുള്ള സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ പ്രധാന താരങ്ങളെല്ലാം തിരിച്ചെത്തി കൂടുതൽ കരുത്തുറ്റ ഒരു കേരള ബ്ലാസ്‌റ്റേഴ്‌സിനെയാകും പ്ലേ ഓഫിൽ കാണാൻ കഴിയുക.