അഞ്ചു താരങ്ങളെ നഷ്ടപ്പെട്ടിട്ടും ചെൽസിയെ തകർത്ത് സിറ്റി, പഴയ താളം കണ്ടെത്തിയെന്ന് ഗാർഡിയോള

ചെൽസിയുടെ തട്ടകത്തിൽ വെച്ചു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർപ്പൻ വിജയം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. കോവിഡ് പിടിപെട്ടത് മൂലം അഞ്ചു പ്രധാനതാരങ്ങളെ നഷ്ടപ്പെട്ടിട്ടും ചെൽസിക്കെതിരെ അത്യുജ്വല പ്രകടനമാണ് പെപ്‌ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി കാഴ്ച വെച്ചത്. ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകൾക്ക് മുന്നിലെത്താൻ സിറ്റിക്ക് സാധിച്ചു.

ഇകായ് ഗുണ്ടോഗന്റെയും ഫിൽ ഫോഡന്റെയും കെവിൻ ഡിബ്രൂയ്നെയുടെയും തകർപ്പൻ ഗോളുകളാണ് ആദ്യപകുതിയിൽ തന്നെ മത്സരം സിറ്റിയുടെ വരുതിയിലെത്തിച്ചത്. മത്സരത്തിന്റെ അവസാനം ഹഡ്സൺ ഒഡോയിയിലൂടെ ചെൽസി ഒരു ഗോൾ മടക്കിയെങ്കിലും വിജയത്തിനത് അനിവാര്യമായിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റി പഴയ താളം കണ്ടെത്തിയിരിക്കുന്നുവെന്നാണ് മത്സരശേഷം പെപ്‌ ഗാർഡിയോള അഭിപ്രായപ്പെട്ടത്.

പഴയ സിറ്റിയായുള്ള തിരിച്ചു വരവാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.”ഇതു പഴയ അതേ ടീം തന്നെയാണ്. അതേ മാനേജർ, അതേ കോച്ചിംഗ് സ്റ്റാഫ്‌. എന്റെ അസിസ്റ്റന്റ് കോച്ച് ഒന്ന് ചെറുതായി മാറിയിട്ടുണ്ട്. പക്ഷെ താരങ്ങളെല്ലാം പഴയതു പോലെ തന്നെയാണ് ആശയങ്ങളും. ഞങ്ങൾ ലീഗും കിരീടങ്ങളും നേടിയ സമയത്തെ അതേ കളിയാണ് ഇന്നും കളിച്ചത്. പണ്ടെങ്ങോ നഷ്ടപ്പെട്ട ആ താളം ഇന്നു ഞങ്ങൾക്ക് തിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്.” പെപ്‌ പറഞ്ഞു

ടോട്ടനത്തിനെതിരായ 2 ഗോളിന്റെ തോൽവിക്കു ശേഷം ഏഴു മത്സരങ്ങളിൽ അഞ്ചു വിജയവും രണ്ടു സമനിലയും നേടാൻ സിറ്റിക്കു സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്(20) മാത്രമേ സിറ്റിയേക്കാൾ(17) പോയിന്റ് ലീഗിൽ സ്വന്തമാക്കിയിട്ടുള്ളു. ബുധനാഴ്ച നടക്കാനിരിക്കുന്ന ഇഎഫ്എൽ സെമി ഫൈനൽ മത്സരത്തിൽ യുണൈറ്റഡിനെ നേരിടാനൊരുങ്ങുകയാണ് സിറ്റി.

You Might Also Like