ബെന്‍സിമ കൊള്ളാം, പക്ഷെ മെസിയുമായൊന്നും താരതമ്യം ചെയ്യരുത്, തുറന്ന് പറഞ്ഞ് പെപ്പ്

Image 3
FeaturedFootball

റയല്‍ സൂപ്പര്‍ താരം കരീം ബെന്‍സിമ അസാമാന്യ താരമാണെന്നും എന്നാല്‍ മെസിയുമായി താരതമ്യം ചെയ്യരുതെന്നും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. റയല്‍ മാഡ്രിഡുമായുള്ള രണ്ടാം പാദ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് പെപ് ഗ്വാര്‍ഡിയോള കരീം ബെന്‍സിമയേയും മെസിയെക്കുറിച്ചുമുളള താരതമ്യത്തെ കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

മെസിയെ മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ പറ്റാത്ത താരമാണെന്നായിരുന്നു പെപ്പിന്റെ അഭിപ്രായം. താന്‍ ബാഴ്‌സയില്‍ ആയിരുന്ന സമയത്ത് ആളുകള്‍ ഇരുപതോളം താരങ്ങളെ മെസിയോടൊപ്പം താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെസിയെ നേരിടുന്നത്ര ബെന്‍സിമയെ ഭയക്കേണ്ടതില്ലെന്ന സൂചനയാണ് പെപ് ഫുട്‌ബോള്‍ ലോകത്തിന് നല്‍കുന്നത്.

‘മാസങ്ങള്‍ക്കു മുന്‍പായിരുന്നു ആദ്യപാദമത്സരം നടന്നത്. ഇപ്പോള്‍ സാഹചര്യങ്ങള്‍ക്ക് ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആരാധകര്‍ ഇല്ലാതെയാണ് ഞങ്ങളുടെ മൈതാനത്ത് ഇനി കളി നടക്കുന്നത്. ശരിക്കും ഫുട്‌ബോള്‍ കാണികള്‍ക്ക് വേണ്ടിയാണ്. പക്ഷെ അവരിന്നിപ്പോള്‍ ഞങ്ങളോടൊപ്പമില്ല. എങ്കിലും മത്സരത്തിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞിട്ടുണ്ട്.’ പെപ്പ് പറഞ്ഞു

‘റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നതില്‍ മാത്രമാണ് ഞങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ. താന്‍ ബാഴ്‌സയെ പിന്തുണക്കുന്നവനായത് കൊണ്ടല്ല റയലിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്. മറിച്ച് എന്റെ ക്ലബിനും എന്റെ താരങ്ങള്‍ക്ക് വേണ്ടിയുമാണ്. എതിരാളികള്‍ ആരായാലും ഞാന്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കും ‘ ഗാര്‍ഡിയോള കൂട്ടിചേര്‍ത്തു.