മെസി ബാഴ്‌സ വിടണോ? നിലപാട് വ്യക്തമാക്കി ഗാര്‍ഡിയോള
ബാഴ്സ വിടുമെന്ന അഭ്യുഹങ്ങള്‍ക്കിടയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ബാഴ്സലോണയിലെ ഭാവിയെക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിപരിശീലകനായ പെപ് ഗാര്‍ഡിയോള. പ്രതാപകാലത്ത് ലയണല്‍ മെസി ബാഴ്സലോണയുടെ പരിശീലകനായിരുന്ന ഗാര്‍ഡിയോളക്കൊപ്പം രണ്ടു ചാമ്പ്യന്‍സ് ലീഗും മൂന്നു ലാലിഗ കിരീടങ്ങളുമടക്കം നിരവധി നേട്ടങ്ങള്‍ കൈവരിച്ചിരുന്നു.
പുതിയ വെല്ലുവിളികള്‍ സ്വീകരിച്ചുകൊണ്ട് ഗാര്‍ഡിയോള ബയേണിലേക്കും പിന്നീട് സിറ്റിയിലേക്കും ചേക്കേറിയപ്പോള്‍ മെസ്സി ബാഴ്സയുടെ അമരക്കാരനായി തന്നെ തുടരുകയായിരുന്നു. 2021ല്‍ തീരുന്ന കരാര്‍ പുതുക്കാന്‍ മെസി വിസമ്മതിച്ചതോടെ താരം ബാഴ്സ വിടുകയാണെന്നുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്.
‘ഞാനിത് മുമ്പേ പറഞ്ഞിരുന്നതാണ്. ട്രാന്‍സ്ഫറുകളെ കുറിച്ച് സീസണ്‍ അവസാനിച്ചു കഴിയുമ്പോള്‍ സംസാരിക്കാമെന്നു. ഇപ്പോള്‍ ഞാന്‍ ഒന്നും പറയില്ല. പക്ഷെ മെസി ബാഴ്സയില്‍ത്തന്നെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ ന്യൂകാസിലുമായുള്ള മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മെസിയെ സിറ്റി വാങ്ങുമെന്ന പുതിയ അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗാര്‍ഡിയോള.
33കാരന്‍ ലയണല്‍ മെസി ഇറ്റാലിയന്‍ ക്ലബ്ബുകളുമായി ധാരണയിലെത്തിയെന്നും യുവന്റസിലേക്ക് ചേക്കേറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തിലും ബാഴ്സലോണ ആരാധകര്‍ മെസ്സി ബാഴ്സലോണയില്‍ കന്നെ തുടരുമെന്നാണ് പ്രത്യാശിക്കുന്നത്. ക്ലബ് മാനേജ്‌മെന്റിനോടുള്ള അതൃപ്തി കാണിക്കാനാണ് കരാര്‍ പുതുക്കുന്നതില്‍ നിന്നും മെസി വിട്ടു നില്‍ക്കുന്നതെന്നും ബാഴ്സലോണ ആരാധകര്‍ വിശ്വസിക്കുന്നു.