സമ്മറിൽ അഗ്വേറോക്ക് പകരക്കാരനെ വാങ്ങിയേക്കില്ല, കാരണം വ്യക്തമാക്കി പെപ്‌ ഗാർഡിയോള രംഗത്ത്

Image 3
EPLFeaturedFootball

മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച മുന്നേറ്റതാരങ്ങളിലൊരാളായ സെർജിയോ അഗ്വേറോ ഈ സീസൺ അവസാനം ക്ലബ്ബ് വിടുമെന്നുറപ്പായിരിക്കുകയാണ്. സിറ്റിയുടെ എക്കാലത്തെയും മികച്ച കുന്തമുനക്ക് പകരക്കാരനായി എർലിംഗ് ഹാളണ്ടിനെ പോലുള്ള മികച്ച താരങ്ങളെ ബന്ധപ്പെടുത്തി ധാരാളം അഭ്യൂഹങ്ങളാണ് ഉയർന്നു വരുന്നത്. എന്നാലിപ്പോൾ പെപ്‌ ഗാർഡിയോള തന്നെ ഇക്കാര്യത്തിൽ സിറ്റിയുടെ നീക്കമെന്തെന്നു വ്യക്തമാക്കിയിരിക്കുകയാണ്.

ഈ സീസൺ അവസാനം അഗ്വേറോക്ക് പകരക്കാരനെ കൊണ്ടുവരില്ലെന്നാണ് പെപ്‌ ഗാർഡിയോള വ്യക്തമാക്കിയിരിക്കുന്നത്. മറ്റു ക്ലബ്ബുകളെ പോലെ തന്നെ സിറ്റിയും സാമ്പത്തികപ്രതിസന്ധി അനുഭവിക്കുകയാണെന്നും ഗാർഡിയോള ചൂണ്ടിക്കാണിച്ചു. ലൈസസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ സമ്മറിൽ ഒരു പുതിയ സ്‌ട്രൈക്കറെ വാങ്ങാതിരിക്കാനുള്ള വലിയ സാധ്യതയാണ് കാണുന്നത്. ഞങ്ങൾക്ക് ആവശ്യമുള്ള താരങ്ങൾ ഞങ്ങളുടെ ഫസ്റ്റ് ടീമിൽ തന്നെയുണ്ട് ഇപ്പോൾ. അക്കാദമിയിൽ തന്നെ വളരെ അതിശയകരമായ താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ ലോകത്തിലെ തന്നെ സാമ്പത്തിക ഭദ്രത കണക്കിലെടുക്കുമ്പോൾ ഇതിനു സാധ്യത വളരെ കുറവാണ്.”

ഇത്രത്തോളം വിലയുള്ളപ്പോൾ ഞങ്ങൾ ആരെയും വാങ്ങില്ലെന്നുറപ്പാണ്. ഞങ്ങൾക്ക് അതിനുള്ള പ്രാപ്തിയില്ല. അതൊരിക്കലും സംഭവിക്കാൻ പോവുന്നില്ല. എല്ലാ ക്ലബ്ബുകളും സാമ്പത്തികമായി ബുദ്ധിമുട്ടിലാണുള്ളത്. ഞങ്ങളും അതിൽ നിന്നും വ്യത്യസ്തരല്ല. ഞങ്ങൾക്ക് ഗബ്രിയേൽ ജീസസ് ഉണ്ട്. ആ പൊസിഷനിൽ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫെറാൻ ടോറസ് ഉണ്ട്. അക്കാഡമിയിലും മികച്ച യുവതാരങ്ങളുണ്ട്.” ഗാർഡിയോള പറഞ്ഞു.