ക്രിസ്ത്യാനോ റെക്കോർഡ് മറികടന്നപ്പോൾ ഇൻസ്റ്റഗ്രാം ബയോ തിരുത്തി, ഒരിക്കലും അത് ചെയ്തിട്ടില്ലെന്നു പെലെ

Image 3
FeaturedFootball

ഉഡിനീസെക്കെതിരായ സീരി എ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി അടുത്തിടെ പെലെയുടെ റെക്കോർഡിനെ യുവന്റസ് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ മറികടന്നിരുന്നു. ഔദ്യോഗിക മത്സരങ്ങളിൽ നിന്നായി പെലെ നേടിയ 757 ഗോളുകളാണ് ക്രിസ്ത്യാനോ മറികടന്നത്. ഒന്നാം സ്ഥാനത്തുള്ള ജോസഫ് ബികാന്റെ റെക്കോർഡാണ് ഇനി ക്രിസ്ത്യാനോക്ക് മറികടക്കാനുള്ളത്. 758 ഗോളുകൾ സ്വന്തമാക്കിയ റൊണാൾഡോക്ക് മുന്നിൽ ജോസഫ് ബികാൻ ആണ് 759 ഗോളുകളുമായി ഒന്നാം സ്ഥാനത്തുള്ളത്.

ക്രിസ്ത്യനോക്ക് മുമ്പേ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഔദ്യോഗിക ഗോളുകൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡ് 644 ഗോളുകൾ ബാഴ്സലോണക്ക് വേണ്ടി നേടി ലയണൽ മെസിയും തകർത്തിരുന്നു. എന്നാലിപ്പോൾ ക്രിസ്ത്യാനോയും മറ്റൊരു റെക്കോർഡ് തകർത്തതോടെ തന്റെ ഇൻസ്റ്റഗ്രാം ബയോ തിരുത്തിയെന്ന വിമർശനം സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരുന്നു. മാധ്യമങ്ങളും ഇത് വാർത്തയാക്കിയിരുന്നു.

എന്നാൽ ഇതു നിരകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ പെലെ. ട്വിറ്ററിലൂടെയാണ് ഇത്തരം വിമർശനങ്ങൾക്ക് പെലെ മറുപടി നൽകിയത്. ക്രിസ്ത്യാനോ പെലെയുടെ റെക്കോർഡ് മറികടന്നതിനു ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം(1283) എന്ന് ഇൻസ്റ്റഗ്രാമിൽ ബയോയിൽ മാറ്റം വരുത്തിയെന്ന ആരോപണമാണ് പെലെ നിരാകരിച്ചിരിക്കുന്നത്.

“ഈ രണ്ടു മികച്ച താരങ്ങൾ എന്റെ റെക്കോർഡ് റെക്കോർഡ് മറികടന്നപ്പോൾ അവരെ തരംതാഴ്ത്താനായി ഇൻസ്റ്റഗ്രാം ബയോ മാറ്റിയെന്ന ആരോപണങ്ങൾ മാധ്യമങ്ങൾ ഉന്നയിച്ചിരുന്നു. ഈ ബയോ ഞാൻ ഈ വേദിയിലേക്ക് കടന്നു വന്നപ്പോൾ ഉള്ളതാണ്. ഇതൊന്നും അവരുടെ നേട്ടത്തിൽ നിന്നും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ളതല്ല.” പെലെ ട്വിറ്ററിൽ കുറിച്ചു.