നെയ്മറുടെ ആ നേട്ടത്തിനായി കാത്തിരിക്കുന്നുവെന്ന് സാക്ഷാൽ പെലെ

Image 3
Copa America

ബ്രസീൽ സൂപ്പർതാരം നെയ്മർ തന്റെ റെക്കോർഡ് തകർക്കുന്നതിനായി ഏറ്റവുമധികം കാത്തിരിക്കുന്നത് താൻ തന്നെയാണെന്ന് ഇതിഹാസതാരം പെലെ. ബസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയതാരമാണ് (77) പെലെ. പെറുവുമായുള്ള മത്സരത്തോടെ കാനറികൾക്കായുള്ള നെയ്മറിന്റെ ഗോൾ നേട്ടം 68 ആണ്.

അടുത്ത കാലത്തുതന്നെ കാനറികളുടെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി നെയ്മർ മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്  മത്സരത്തിന് ശേഷം പെലെയുടെ റെക്കോർഡ് തകർക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് വികാരഭരിതമായ പ്രതികരണമാണ് നെയ്മർ നടത്തിയത്.

പെലെയുടെ റെക്കോർഡ് എന്നെ ഏറെ പ്രചോദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വെല്ലുവിളികൾ നിറഞ്ഞ സമയമായിരുന്നു. അതിനാൽ തന്നെ ഈ ഗോളുകൾ ഏറെ പ്രിയപ്പെട്ടതാണ്. ബ്രസീലിനായി കളിക്കാൻ സാധിക്കുന്നു എന്നത് ഗോളുകളുടെ എണ്ണത്തേക്കാൾ എത്രയോ സന്തോഷംതരുന്ന കാര്യമാണ്. എല്ലാ ഫുട്ബോൾ ആരാധകരെയും സന്തോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം – നിറകണ്ണുകളോടെ നെയ്മർ പറഞ്ഞു.

ഇതിനു മറുപടിയായി ഇൻസ്റ്റാഗ്രാമിൽ പെലെയുടെ മറുപടി ഇങ്ങനെയായിരുന്നു.

കളിക്കളത്തിൽ നിറചിരിയോടെ നെയ്‌മർ കളിക്കുമ്പോൾ എങ്ങനെയാണ് നമുക്ക് ചിരിക്കാതിരിക്കാനാവുക. ഏതൊരു ബ്രസീൽ ആരാധകനെയും പോലെ നെയ്മർ ആ റെക്കോർഡ് തകർക്കുന്നത് കാത്തിരിക്കുകയാണ് ഞാനും. നെയ്‌മർ ആദ്യമായി കളിക്കുമ്പോൾ തോന്നിയ അതേ സന്തോഷത്തോടെ തന്നെ. പെലെ എഴുതി.